എല്ലാവരും ഫയലുകൾ മലയാളത്തിൽ എഴുതുന്നതാണ് അഭികാമ്യമെന്ന് നിയമമന്ത്രി

തിരുവനന്തപുരം: എല്ലാ ഉദ്യോഗസ്ഥരും ഫയലുകൾ മലയാളത്തിൽ എഴുതാൻ ശ്രമിക്കുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പി. രാജീവ്. മലയാളത്തിൽ എഴുതിയാൽ മാത്രം പോരാ, ലാളിത്യമുള്ള ഭാഷയിലായിരിക്കണം. വായിച്ചാൽ ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകണം. നിയമവകുപ്പ് (ഔദ്യോഗികഭാഷ- പ്രസിദ്ധീകരണ സെൽ) സംഘടിപ്പിച്ച മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർക്ക് വേണ്ടിയല്ലെന്ന ചിന്ത വരുമ്പോഴാണ് ഫയലിലെ ഭാഷ ഇംഗ്ലീഷാകുന്നത്. ഇക്കാര്യം ജീവനക്കാർ ശ്രദ്ധിക്കണം. കാര്യം മനസ്സിലാവാതെ വരുമ്പോഴാണ് കടുപ്പമുള്ള ഭാഷ തെരഞ്ഞെടുക്കുന്നത്. വിഷയം ആഴത്തിൽ മനസ്സിലാക്കിയാൽ ഭാഷ സ്വയമേ ലളിതമാകും. മലയാളത്തിൽ തന്നെയുള്ള ആശയവിനിമയം ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രാഥമികമായി ഭാഷ സംവേദനത്തിന് വേണ്ടിയുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിയമസെക്രട്ടറി വി. ഹരിനായർ അധ്യക്ഷത വഹിച്ചു. അഡീഷനൽ നിയമ സെക്രട്ടറി എൻ. ജീവൻ, സ്‌പെഷൽ സെക്രട്ടറി സാദിഖ് എം.കെ, നിയമ (ഔദ്യോഗികഭാഷ- പ്രസിദ്ധീകരണ സെൽ) ജോയന്റ് സെക്രട്ടറി കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന് കീഴിലുള്ള ഔദ്യോഗിക ഭാഷ പ്രസിദ്ധീകരണ സെല്ലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം, നിയമം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പരിഭാഷാ മത്സരവും സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 51 ഉദ്യോഗസ്ഥർ മത്സരത്തിൽ പങ്കെടുത്തു.

Tags:    
News Summary - The Law Minister said that it is preferable that everyone writes the files in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.