കിളിമാനൂർ: ഒരുമിച്ചിരുന്ന മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടയിൽ ഒരാളെ മൺവെട്ടിക്കൈകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് എള്ളുവിള കീഴ്മണ്ണടി കുന്നുവിള വീട്ടിൽ കിച്ചു എന്ന അനന്തുവിനെയാണ് (23) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബർ 30ന് പുലർച്ച ഒന്നിന് കീഴ്മണ്ണടി ആറിനു സമീപമായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു.
തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ അനന്തുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് മർദിച്ചു. സുഹൃത്തിനെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി മൺവെട്ടികൈകൊണ്ട് ജയകുമാറിന്റെ തലക്കടിച്ച് വീഴ്ത്തുകയും സുഹൃത്തുക്കളുമായി ചേർന്ന് തറയിലിട്ട് ക്രൂരമായി മർദിക്കുകയു മായിരുന്നു. അടിയേറ്റ് തലയോട്ടി പൊട്ടി രക്തംവാർന്ന ജയകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഒളിവിൽപ്പോയ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, രാജികൃഷ്ണ, ഷജിം എന്നിവര ടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.