കോഴിക്കോട്: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉൾപ്പെട്ട സ്വർണക്കടത്തിലെ ഇടനിലക്കാരൻ ദുബൈയിൽ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശി ജസീലാണ് തടങ്കലിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ 916 നാസർ എന്ന സ്വാലിഹിന്‍റെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജസീലിന് ക്രൂര മര്‍ദനമേറ്റതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വർണ കടത്തിന് വേണ്ടി സ്വാലിഹിന്‍റെ സംഘവുമായി പരിചയപ്പെടുത്തിയത് ഇടനിലക്കാരൻ ജസീലായിരുന്നു. എന്നാൽ, നാട്ടിലെത്തിയ ഇര്‍ഷാദ് സ്വര്‍ണം മറ്റൊരു സംഘത്തിന് കൈമാറി. സ്വർണം നഷ്ടപ്പെട്ടതോടെ സ്വാലിഹിന്‍റെ സംഘം ജസീലിനെ തടങ്കലിലാക്കുകയായിരുന്നു. ഇതേതുടർന്നാണ് സ്വാലിഹ് നാട്ടിലെത്തിയതും ഇർഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടൽത്തീരത്ത് നിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചത്.
ഇർഷാദിനെ മർദിച്ച് അവശനാക്കി കിടത്തിയ ഫോട്ടോ സ്വർണകടത്ത് സംഘം ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ഇർഷാദിന്റെ കൈവശമുള്ള സ്വർണം തന്നില്ലെങ്കിൽ അവനെ വധിക്കുമെന്ന ഭീഷണി സന്ദേശവും സഹോദരന് വന്നിരുന്നു. വിദേശത്തായിരുന്ന ഇർഷാദിനെ സ്വർണക്കടത്ത് സംഘം വലയിലാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.