എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകള്‍ സജ്ജമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

അങ്കമാലി: മേയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ റസ്റ്ററന്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കഫേ കുടുംബശ്രീ പ്രീമിയം ശൃംഖലകളുടെ സംസ്ഥാന തല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വാസ്യത, കൈപുണ്യം എന്നിവ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തില്‍ നിന്നാണ് കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്റ് റസ്റ്ററന്റുകളുടെ ആരംഭം. അങ്കമാലിക്ക് ഒപ്പം തന്നെ വയനാട് മേപ്പാടി, ഗുരുവായൂര്‍ എന്നിവിടങ്ങളിലും പ്രീമിയം ബ്രാന്‍ഡ് റസ്റ്ററന്റുകള്‍ ആരംഭിക്കുകയാണ്.

കുടുംബശ്രീയുടെ കൈപുണ്യം ലോകം ആകെ അംഗീകരിച്ച് കഴിഞ്ഞതാണ്. കേരളീയം പോലുള്ള മേളകളില്‍ കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന് പുറത്തും കുടുംബശ്രീ ഭക്ഷ്യമേളകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഭാവിയില്‍ ഇതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സരസ്, കേരളീയം തുടങ്ങിയ മേളകളിലൂടെ റെക്കോര്‍ഡ് വില്‍പന കൈവരിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. കുടുംബശ്രീ മേളകളിലൂടെ ഹിറ്റായ വന സുന്ദരി, കൊച്ചി മല്‍ഹാര്‍ തുടങ്ങിയവ പ്രീമിയം റസ്റ്ററന്റില്‍ ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേകള്‍ സജ്ജമാക്കിയിരിക്കുന്നത്.

2023 കുടുംബശ്രീക്ക് അഭിമാന നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. നാല്പതു ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് ബാക്ക് ടു സ്‌കൂള്‍ എന്ന ഐതിഹാസിക ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ഈ കാലയളവില്‍ നാല് ലോക റെക്കോഡുകള്‍ കരസ്ഥമാക്കി. 2024 ആദ്യമാസവും കുടുംബശ്രീ നേട്ടങ്ങളിലൂടെ മുന്നേറുകയാണ്. വര്‍ക്കലയില്‍ നേച്ചര്‍ ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് ആരംഭിച്ചു, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ബ്രാന്റിങ്ങിന് തുടക്കമായി, കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റിനും തുടക്കമായി.

സര്‍ഗാത്മകതയിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീ. 25 വര്‍ഷം കൊണ്ട് ലക്ഷ കണക്കിന് സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തിച്ച് സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ കുടുംബശ്രീക്കായി. വാട്ടര്‍ മെട്രോ, മെട്രോ, മാലിന്യ സംസ്‌കരണം അങ്ങനെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. വിശ്വാസ്യതയും കൂട്ടായ്മയും മുന്‍ നിര്‍ത്തി സമൂഹത്തിലെ നല്ല മാറ്റങ്ങള്‍ക്കായി കുടുംബശ്രീ മുന്നോട്ടു പോകണമെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയില്‍ തിരുനെല്ലി കുടുംബശ്രീ യൂനിറ്റിന്റെ പുതിയ വിഭവമായ ഗന്ധക ചിക്കന്റെ ആദ്യ വിപണനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. മന്ത്രി എം.ബി രാജേഷ് ഗന്ധക ചിക്കന്‍ രുചിച്ചു. ചടങ്ങില്‍ അങ്കമാലി നഗരസഭ ചെയര്‍മാന്‍ മാത്യു തോമസ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയായി.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റീത്താ പോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി പോളി, വാര്‍ഡ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ മുണ്ടാടാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.എം റജീന, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്. ശ്രീകാന്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലില്ലി ജോണി, ഐഫ്രം സി.ഇ.ഒ കെ.പി അജയകുമാര്‍, അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - The minister said that Cafe Kudumbashree premium restaurants will be set up in all districts. MB Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.