കോഴിക്കോട്: അന്വേഷണ ഏജൻസികളെ സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യുന്നവെന്ന ആരോപണവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ലീഗ് നേതാക്കൾക്കെതിരെ സർക്കാർ കേസുകൾ കെട്ടിച്ചമക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാറിനെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാനാണിത്. കേസെടുത്താൽ തകരുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എം.സി ഖമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഖമറുദ്ദീൻ, കെ.എം ഷാജി എന്നിവർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ഇന്ന് ചേരുന്നുണ്ട്. പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എ.പി അബ്ദുൾ വഹാബ്, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സ്വർണ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ പദവിയും സമൂഹത്തിലെ സ്ഥാനവും ദുരുപയോഗം ചെയ്ത് പ്രേരണ ചെലുത്തിയതായി സർക്കാർ ഹൈകോടതിയിൽ നിലപാടെടുത്തിരുന്നു. ഖമറുദ്ദീനാണ് നിക്ഷേപ തട്ടിപ്പിന് പിന്നിലെ സൂത്രധാരനെന്നും പത്തനംതിട്ട പോപുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പിന് സമാനമാണ് ഇതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഖമറുദ്ദീനെതിരെ കണ്ണൂരിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.