കോട്ടയം: സങ്കടവീട്ടിൽ ഒറ്റപ്പെട്ട മോഹൻദാസിനെയും വസന്തകുമാരിയെയും ചേർത്തുപിടിച്ച് നാട്. ദുഃഖം നിറച്ച് വന്ദന മടങ്ങിയതിന്റെ വേദന തോർന്നുതീരാത്ത വീട്ടിൽ അടക്കിപ്പിടിച്ച വിതുമ്പൽ വെള്ളിയാഴ്ചയും ഉയർന്നുകേട്ടു. അമ്മ വസന്തകുമാരിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു. മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പ്രമുഖരടക്കം നിരവധിപേരാണ് മുട്ടുച്ചിറ നമ്പിച്ചിറക്കാലയിൽ വീട്ടിലേക്ക് വെള്ളിയാഴ്ചയുമെത്തിയത്.
രാവിലെയെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വന്ദനയുടെ പിതാവ് മോഹൻദാസുമായി ഏറെനേരം സംസാരിച്ചു. വിവാദങ്ങൾക്കോ രാഷ്ട്രീയ മുതലെടുപ്പുകൾക്കോ പ്രസക്തിയില്ലെങ്കിലും കേസിൽ കുറ്റം സംഭവിച്ചിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വന്ദനയില്ലാത്ത വീട്ടിലേക്ക് വെള്ളിയാഴ്ചയും സുഹൃത്തുക്കൾ കൂട്ടമായും ഒറ്റക്കുമെത്തി. സംസ്കര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നവരും വീട്ടിലെത്തി. ബന്ധുക്കളും വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് വീട്ടിലുണ്ടായിരുന്നു. നിരവധി നാട്ടുകാരും ആശ്വാസ വാക്കുകളുമായെത്തി. വൈകീട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതാക്കൾക്കൊപ്പം വീട്ടിലെത്തി.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കെ.കെ. ശൈലജ എം.എൽ.എ, എ.എം. ആരിഫ് എം.പി എന്നിവരും മാതാപിതാക്കൾക്ക് അരികിലെത്തി. മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രാത്രി ഏഴോടെ സന്ദർശനം നടത്തി.കഴിഞ്ഞദിവസം നടൻ മമ്മൂട്ടിയും മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ മുട്ടുചിറയിലെ വീട്ടിലെത്തിയിരുന്നു. രമേഷ് പിഷാരടി, ആന്റോ ജോസഫ്, ചിന്ത ജെറോം എന്നിവരും മമ്മൂട്ടിക്ക് ഒപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.