മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയിൽ തടഞ്ഞു

കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിന്‍റെ പേരിൽ പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും പൊലീസ് തടഞ്ഞതായി പരാതി. പള്ളിയിൽ മാമോദിസ ചടങ്ങ് കഴിഞ്ഞെത്തിയ കുടുംബത്തെയാണ് പൊലീസ് വഴിയിൽ തടഞ്ഞത്.

ഒരു മണിക്കൂർ കഴിഞ്ഞു പോയാൽ മതിയെന്ന് പൊലീസ് പറഞ്ഞതായി രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയിലെ ചടങ്ങിന് ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു സംഘം. മുഖ്യമന്ത്രിയെ തടയാനല്ല തങ്ങൾ വന്നതെന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് എട്ടു കിലോമീറ്റർ ചുറ്റിയാണ് എത്തിയതെന്നും അവർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ​ന്ദർശനത്തോട് അനുബന്ധിച്ച് കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.

നാൽപതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചു പേരും രണ്ട് കമാൻഡോ വാഹനത്തിൽ പത്തു പേരും ദ്രുതപരിശോധനാ സംഘത്തിൽ എട്ടു പേരും ഒരു പൈലറ്റും എസ്കോർട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.

മുന്നറിയിപ്പില്ലാതെയുള്ള കടുത്ത ഗതാഗത നിയന്ത്രണത്തിൽ ജനം വലഞ്ഞു. മുഖ്യമന്ത്രി എത്തുന്നതിനു ഒരു മണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. കേരള ഗസറ്റഡ് ഓഫിസേഴ്സ് ​അസോസിയേഷൻ സമ്മേളനം നടക്കുന്ന വേദിയിലേക്കുള്ള റോഡ് പൂർണമായും അടച്ചു.

പരിപാടിയിൽ പ​ങ്കെടുക്കാൻ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്നും മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിർദേശിച്ചിരുന്നു. പ്രസ് പാസിനു പുറമെ സംഘാടകരുടെ പ്രത്യേക പാസും കൈയിൽ കരുതണമായിരുന്നു. കറുപ്പ് മാസ്ക് ധരിക്കരുതെന്നും ജനങ്ങളോട് നിഷ്കർഷിച്ചു.

അതേസമയം, കനത്ത സുരക്ഷക്കിടെ മുഖ്യമന്ത്രിയെ ബി.ജെ.പി പ്രവർത്തകർ കരി​ങ്കൊടി കാണിച്ചു. നാട്ടകം ഗസ്റ്റ്ഹൗസിൽ നിന്ന് മാമ്മൻമാപ്പിള ഹാളിലേക്ക് എത്തുമ്പോഴായിരുന്നു പ്രതിഷേധം. സംഭവത്തിൽ രണ്ടു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - The nephew and his parents were stopped on the way for the safety of the Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.