ന്യൂഡല്‍ഹി: മലങ്കര സഭയുടെ പള്ളി സെമിത്തേരികളിൽ ശവസംസ്കാര നടപടികള്‍ നടത്തുന്നത് കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. പള്ളികള്‍ക്കോ സെമിത്തേരികള്‍ക്കോ പുറത്തുവെച്ച് നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ ബന്ധപ്പെട്ടവരുടെ താല്പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ കർമങ്ങള്‍ നടത്താമെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളുടെ സെമിത്തേരികള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങള്‍ ഉപയോഗിക്കുന്നതിന് 1934ലെ സഭ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച ഉറപ്പ് എഴുതി നല്കാന് സുപ്രീംകോടതി മലങ്കര ഓര്‍ത്തോഡോക്സ് സഭയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.
സെമിത്തേരി നിയമത്തിന്റെ മൂന്ന്, ആറ് വകുപ്പുകള്‍ പ്രകാരം സംസ്കാര നടപടികള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് വിശദീകരിച്ചിട്ടുണ്ട്. 2020ലെ സെമിത്തേരി നിയമത്തിന്റെയും 1934ലെ സഭാ ഭരണഘടന പ്രകാരവും പള്ളികളിലെ വികാരികള്‍ ശവസംസ്കാര രജിസ്ട്രി സൂക്ഷിക്കണം. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ വികാരിയെ സമീപിച്ച് മരിച്ചവരുടെ വിശദാംശങ്ങള്‍, മരണ കാരണം എന്നിവ കൈമാറുമ്പോള്‍ അവ രജിസ്ട്രിയില്‍ രേഖപ്പെടുത്താറുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. മലങ്കര സഭക്കുകീഴിലുള്ള സെമിത്തേരികള്‍ ഉപയോഗിക്കുന്നതിന് 1934ലെ സഭാ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവോടെ യാക്കോബായ സഭാ വൈദികര്‍ക്ക് പള്ളി സെമിത്തേരികളില്‍ ശവസംസ്കാര ശുശ്രൂഷ ചടങ്ങുകള്‍ നടത്താന്‍ അവസരം ഒരുങ്ങുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ഓര്‍ത്തഡോക്സ് സഭക്ക് കീഴിലുള്ള സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവയിലെ പൊതു സൗകര്യങ്ങള്‍ യാക്കോബായ വിഭാഗം ഉൾപ്പെടെ ആര്‍ക്കും ഉപയോഗിക്കാമെന്നും ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. മലങ്കര സഭയുടെ കീഴിലുള്ള സ്കൂളുകളിലെ ഭരണ നിര്‍വഹണം കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതിനാല്‍ ആ സ്ഥാപനങ്ങളിലെ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ 1934ലെ മലങ്കര സഭാ ഭരണഘടന അംഗീകരിക്കണമെന്ന പ്രതിജ്ഞ നിര്‍ബന്ധമാക്കുന്ന വിഷയം ഉയരുന്നില്ല. 1934ലെ ഭരണഘടന അംഗീകരിക്കാത്തതിന്റെ പേരില്‍ സ്കൂളുകളില്‍ ഒരാള്‍ക്കും അഡ്മിഷന് നിഷേധിച്ചതായി പരാതിയില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഭരണഘടന അംഗീകരിക്കാത്തതിന്റെ പേരില്‍ മലങ്കര സഭക്ക് കീഴിലുള്ള ആശുപത്രികളില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കില്ല എന്നും ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.