ദിലീപിന്‍റെയും മറ്റ് പ്രതികളുടേയും ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തി

കൊച്ചി: നടിയെ ആക്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയും ഹൈകോടതി ഇന്ന് പരിഗണിക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബഞ്ച് പരിഗണിക്കുക.

ദിലീപിന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി അന്തിമ തീരുമാനം അറിയിക്കും. ഫോൺ ഇന്നുതന്നെ ഫോൺ അന്വേഷണ സംഘത്തിന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടാൽ ദിലീപ് അടക്കമുള്ളവർക്ക് തിരിച്ചടിയാകും.

അതിനിടെ, ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന് അന്വേഷണം സംഘം കണ്ടെത്തി. ദിലീപ്, അനിയൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ നിർണായക തെളിവായ ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തുകയായിരുന്നു.

കേസ് ഞായറാഴ്ചയാണ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച തന്നെ ഇവർ ഫോണുകൾ മാറ്റിയതായാണ് വിവരം. രണ്ട് ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടത്. മൊബൈൽ ഫോണുകൾ അന്നുമുതൽ തന്നെ സ്വിച്ച് ഓഫാണ്.

ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈകോടതി ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. ഫോറസിൻക് പരിശോധനക്ക് ഫോണുകൾ നൽകിയിരിക്കുകയാണ് എന്നാണ് ദിലീപിന്‍റെ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചിരുന്നത്. സ്വകാര്യ സംഭാഷണങ്ങളും മറ്റും ഉള്ളതിനാൽ ഫോൺ ഹാജരാക്കാൻ കഴിയില്ലെന്നായിരുന്നു ദിലീപിന്‍റെ വാദം. സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ സംഭാഷണങ്ങൾ ഫോണിൽ നിന്ന് വീണ്ടെടുത്ത് അന്വേഷണ സംഘത്തിന് കൈമാറുമെന്നും ദിലീപ് പറഞ്ഞു. എന്നാൽ പ്രതികൾ സ്വയം ഫോറൻസിക് പരിശോധനക്ക് ഫോണുകൾ കൈമാറുന്ന രീതി കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. അന്വേഷണ സംഘത്തിനെ വിശ്വാസമില്ലെങ്കിൽ ഹൈകോടതി രജിസ്ട്രാറിന് ഫോണുകൾ കൈമാറണമെന്ന് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വിശദമായ വാദം ഇന്ന് നടക്കും. 

Tags:    
News Summary - The phones of Dileep and the other accused were smuggled out of the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.