കൊല്ലം: കടൽകൊലക്കേസ് അവസാനിച്ചത് ഒമ്പതുവർഷവും നാലുമാസവും നീണ്ട നിയമനടപടികൾക്കൊടുവിൽ. 2012 ഫെബ്രുവരി 15 നാണ് സംഭവം.
കേരള തീരത്തുനിന്ന് 16 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന നീണ്ടകരയിൽനിന്നുള്ള സെൻറ് ആൻറണീസ് ബോട്ടിനുനേരെ ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിയിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. കൊല്ലം തങ്കശ്ശേരി സ്വദേശി വാലൻറീൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജീഷ് പിങ്കു എന്നിവരാണ് കൊല്ലപ്പെട്ടത്. നാവികരായ സാൽവെതോർ ജിറോണിനെയും െലത്തോറെ മാർസിമിലാനോയുമാണ് വെടിയുതിർത്തത്. കടൽക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചെന്നായിരുന്നു ഇവരുടെ വാദം.
കരക്കെത്തിച്ച ഇരുവരെയും 2012 ഫെബ്രുവരി 19ന് അറസ്റ്റ് ചെയ്തു. വിചാരണക്കായി സുപ്രീംകോടതി പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലിെൻറ നിര്‍ദേശപ്രകാരം നടപടി നിര്‍ത്തിെവച്ചു.
നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും 2020 മേയ് 21ന് രാജ്യാന്തര ട്രൈബ്യൂണൽ വിധിച്ചിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നല്‍കാതെ കേസ് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് കോടതി നിലപാടെടുത്തതോടെയാണ് ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.