കുറ്റിക്കാട്ടൂർ (കോഴിക്കോട്) : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് മർദനമെന്നറിഞ്ഞ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ചുമത്തി കേസെടുത്തു. മർദനമേറ്റ യുവാവിനെയും അറസ്റ്റ് ചെയ്തു.
യുവാവിനെ തട്ടികൊണ്ടുപോയതിന് നരിക്കുനി സ്വദേശി മുഹമ്മദ് ഷാമിൽ (18), പുതിയറ സ്വദേശി ഷംസീർ (23), ചാലപ്പുറം സ്വദേശി നിഖിൽ നൈനാഫ് (22), പുതിയറ സ്വദേശികളായ മുഹമ്മദ് അനസ് (26), പടനിലം സ്വദേശി ജാസിം ഹുസൈൻ (25) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദിനെയാണ് (23) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 10ഓടെ വീട്ടിലെത്തിയാണ് പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം യുവാവിനെ വിളിച്ചിറക്കി മർദിച്ചശേഷം വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവുമായി സംഘം കടന്നുകളഞ്ഞു.
സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച പൊലീസ്, സംഘം സഞ്ചരിച്ച വാഹനങ്ങൾ മനസിലാക്കുകയും തുടർന്ന് മുഴുവൻ സ്റ്റേഷനുകളിലേക്കും വിവരമറിയിക്കുകയുമായിരുന്നു. കുന്ദമംഗലം ഭാഗത്തേക്കാണ് പോയതെന്ന് അറിഞ്ഞ പൊലീസ് 20 കിലോമീറ്ററോളം പിന്തുടർന്ന് സംഘത്തെ ചക്കാലക്കൽ സ്കൂളിനു സമീപത്തെ കുന്നിൻ പ്രദേശത്ത് കണ്ടെത്തി. അസി. കമീഷണർ കെ. സുദർശന്റെയും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിന്റെയും നേതൃത്വത്തിൽ വൻ പൊലീസ് സംഘം കുന്ന് വളഞ്ഞാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ട് ചിലർ ഓടിരക്ഷപ്പെട്ടു. യുവാവിനെയും സംഘത്തിലെ നാല് പേരെയും മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. സംഘം സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവാവിനെ രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയെ പീഡിപ്പിച്ചതാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്ന് മനസിലാക്കിയ പൊലീസ് തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് പെൺകുട്ടിയെ മറ്റൊരു വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.