സിദ്ദീഖിന്‍റെ കൊലപാതകം ഹണിട്രാപ് ശ്രമത്തിനിടെയെന്ന് പൊലീസ്

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപ് ശ്രമത്തിനിടെയെന്ന് ​മലപ്പുറം എസ്.പി സുജിത് ദാസ്. പ്രതികൾ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചത്. ചുറ്റിക എടുത്തുനൽകിയത് ഫർഹാനയാണ്. ആഷിഖ് നെഞ്ചിൽ ചവിട്ടിയതോടെ വാരിയെല്ല് തകർന്നു. ശേഷം മൂന്നുപേരും കൂടി തുടർച്ചയായി സിദ്ദീഖിനെ ആക്രമിച്ചു. എതിർപ്പുണ്ടായാൽ നേരിടാൻ തയാറായാണ് പ്രതികൾ എത്തിയിരുന്നത്.

കൊലക്ക് ശേഷം കോഴിക്കോട് മാനാഞ്ചിറയിൽനിന്ന് ഒരു ട്രോളി ബാഗ് വാങ്ങി. എന്നാൽ, ഒരു ബാഗിൽ മൃതദേഹം കയറുന്നില്ലെന്ന് കണ്ടപ്പോൾ പിറ്റേദിവസം ഒരു കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ശേഷം ബാത്ത് റൂമിൽവെച്ച് മൃതദേഹം കഷ്ണങ്ങളാക്കുകയും രണ്ടു ബാഗിലുമാക്കി അട്ടപ്പാടി ചുരത്തിൽ തള്ളുകയുമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കൾ ഒരു സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. ചെന്നൈയിൽ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും എസ്.പി പറഞ്ഞു.

മേയ് 18നാണ് കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി.സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവ​രെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖിനൊപ്പം മൂവരും ഉണ്ടായിരുന്നു.

18ന് ഒളവണ്ണയിലെ ഹോട്ടലിൽ എത്തിയപ്പോൾ, രണ്ടാഴ്ചയായി ഹോട്ടലിൽ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാർ ചൂണ്ടിക്കാട്ടി. വൈകീട്ട് തന്നെ ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തുടർന്ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും ഷിബിലിയും ഫർഹാനയും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്.

സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഇതേതുടർന്ന് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയും ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ്​ കൊലപാതകത്തിന്​ തെളിവ് ലഭിച്ചത്.

ഹോട്ടലിൽ സിദ്ദീഖടക്കം മൂന്ന് പേരാണ് മുറിയെടുത്തത്. എന്നാൽ, തിരിച്ചുപോയത് രണ്ടുപേർ മാത്രമാണ്. സി.സി.ടി.വിയിൽ, രണ്ടുപേർ ഒരു ബാഗുമായി പോവുന്നതായി പൊലീസ് കണ്ടതിനെ തുടർന്ന്​​ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്താൻ സാധിച്ചത്​. അഗളിയിലെ കൊക്കയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. അന്വേഷണത്തിൽ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി കണ്ടെത്തി. പ്രതികളെ ചെന്നൈയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വെച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്.

Tags:    
News Summary - The police said that Siddique's murder was during a honeytrap attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.