അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്നലെ സംസ്ഥാനത്ത് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. കണ്ണൂരിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട് ഉണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും സംഘർഷം ഉണ്ടായിട്ടുണ്ട്. കൊച്ചിയിലാണ് ഏറ്റവും ക്രൂരത അരങ്ങേറിയത്.
നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരോടു ഫുട്ബോൾ ആരാധകരാണ് ക്രൂരത കാട്ടിയത്. കലൂർ സ്റ്റേഡിയം ജങ്ഷനിൽ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്തതിന് പൊലീസുകാരെ ക്രൂരമായി മർദിച്ചു. അക്രമികൾ ഉദ്യോഗസ്ഥരെ മർദിക്കുകയും കാലിൽ പിടിച്ചു വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
എറണാകുളം നോർത്ത് സ്റ്റേഷനിലെ സി.പി.ഒമാരായ ലിപിൻരാജ്, വിപിൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30നാണ് സംഭവം. കളി വലിയ സ്ക്രീനിൽ കണ്ട ശേഷം ആളുകൾ പിരിഞ്ഞു പോകുമ്പോഴാണ് ആക്രമണം. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.