ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലം -കെ.സുധാകരന്‍

എൽ.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ ജനം എത്രത്തോളം വെറുത്തുയെന്നതിന്റെ തെളിവ് കൂടിയാണിത്. പതിനൊന്ന് ജില്ലകളിലെ 29 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന നേട്ടമാണ് യു.ഡി.എഫ് കൈവരിച്ചത്.

തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡില്‍ അഞ്ച് പതിറ്റാണ്ടുകാലത്തേയും കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ രണ്ടു പതിറ്റാണ്ടു കാലത്തെയും സി.പി.എം ആധിപത്യം തകര്‍ത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മിന്നുന്ന വിജയം സ്വന്തമാക്കിയത്. കയ്‌മെയ് മറന്നുള്ള പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെയും കോണ്‍ഗ്രസിലും യു.ഡി.എഫിലും ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വിജയം കൂടിയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വിജയം.

എല്‍.ഡി.എഫിന്റെ ഏഴ് വാര്‍ഡുകളടക്കം എട്ട് സീറ്റുകള്‍ പിടിച്ചെടുത്താണ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജനകീയ അടിത്തറ ശക്തിപ്പെടുത്തിയത്. നിലവില്‍ ഏഴ് വാര്‍ഡുകള്‍ മാത്രം ഉണ്ടായിരുന്ന യു.ഡി.എഫിന് ഫലം വന്നപ്പോള്‍ 15 വാര്‍ഡുകള്‍ നേടാനായി. എല്‍.ഡി.എഫ് ഭരിക്കുന്ന എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണവും യു.ഡി.എഫിന് ലഭിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന പല വാര്‍ഡുകളിലും ബി.ജെ.പി, ഇടതു രഹസ്യസഖ്യം യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൊരുതി നേടിയ വിജയമാണിത്.

ഇടതുസര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സര്‍വകലാശാലകളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സി.പി.എം നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ യുവജന രോഷവും ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം അവരുടെ പ്രതിഷേധം രേഖപ്പെടുത്താനായുള്ള അവസരമായി ഉപതെരഞ്ഞെടുപ്പിനെ കണ്ടു. ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരം കൂടിയാണ് യു.ഡി.എഫിന്റെ തകര്‍പ്പന്‍ വിജയമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - The result of the by-election is a warning given by the people to the misanthropic administration - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.