മുഖ്യമന്ത്രി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക /പീഢന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു.

ഇടതു സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് ആർ.എസ്.എസിന്റെ നിർദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളാ പൊലിസും ആര്‍എസ്എസുമായുള്ള ബാന്ധവത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആർ.എസ്.എസ് നേതാക്കളായ ദത്താത്രയ ഹൊസബള, റാം മാധവ് തുടങ്ങിയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി തെളിവുസഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

അധോലോകത്തെ പോലും വെല്ലുന്ന ക്രിമിനല്‍ സംഘമായി പൊലിസ് സേനയെ ഇവര്‍ മാറ്റിയിരിക്കുന്നു. സ്ത്രീ സുരക്ഷയും ക്രമസമാധാനവും പരിരക്ഷിക്കേണ്ട പൊലിസ് സംഘപരിവാരത്തിന്റെ നിർദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ പൊലിസിലെ ആർ.എസ്.എസ് സ്ലീപര്‍ സെല്ലിനെക്കുറിച്ച് എസ്.ഡി.പി.ഐ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇടതു മുന്നണി ഘടക കക്ഷിയായ സി.പി.ഐയുടെ ദേശീയ നേതാക്കളുള്‍പ്പെടെ ഇതു സംബന്ധിച്ച് പ്രതികരിച്ചിരുന്നു.

സ്വര്‍ണം കടത്തിയും കടത്തിയ സ്വര്‍ണം വഴിയില്‍ തടഞ്ഞും കോടികള്‍ തട്ടുന്ന മാഫിയാ സംഘമായി പോലിസിലെ ഉന്നതര്‍ മാറിയിരിക്കുന്നു. സ്വര്‍ണക്കടത്തിന്റെ വിഹിതം എകെജി സെന്ററിനും ലഭിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏകാധിപതിയായ പിണറായി വിജയനെ നിലക്ക് നിര്‍ത്താന്‍ സി.പി.എം തയാറാവണമെന്നും തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്‌റഫ് പ്രാവച്ചമ്പലം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എല്‍ നസീമ, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു.  

Tags:    
News Summary - The SDPI Secretariat marched demanding that Chief Minister Vijayan resign from the Home Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.