തിരുവനന്തപുരം: സ്കൂളുകളിൽ അധ്യാപകരില്ലാതെ അധ്യയനം മുടങ്ങുന്ന സാഹചര്യമൊഴിവാക്കാൻ നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി. അധ്യയന വർഷാരംഭത്തിൽ സർക്കാർ സ്കൂളുകളിൽ ഉൾപ്പെടെ ആയിരക്കണക്കിന് അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായുള്ള 'മാധ്യമം' വാർത്ത സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകരില്ലാത്ത സ്കൂളുകളിൽ ദിവസവേതനത്തിന് താൽക്കാലിക അധ്യാപക നിയമനത്തിന് നിർദേശം നൽകിയിട്ടുണ്ട്. അധ്യാപക ഒഴിവുകളുടെ എണ്ണം ജില്ല തിരിച്ച് ശേഖരിക്കാൻ നിർദേശം നൽകും. സ്കൂൾതലത്തിൽ നിയമനം നടത്തുമ്പോൾ തന്നെ ഒഴിവുകൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾക്ക് റിപ്പോർട്ട് ചെയ്യണം. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽനിന്ന് നിയമനമുണ്ടാകുന്നതുവരെ സ്കൂൾ തലത്തിൽ നിയമിച്ചവർക്ക് തുടരാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പി.എസ്.സി റാങ്ക് പട്ടിക നിലവിലില്ലാത്തതാണ് സർക്കാർ സ്കൂളുകളിൽ അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കാൻ കാരണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പറഞ്ഞു. പി.എസ്.സി നിയമനം നടക്കുന്നതുവരെ താൽക്കാലിക അധ്യാപക നിയമനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. പി.എസ്.സി റാങ്ക് പട്ടിക നിലവിൽ വരുന്നതിനനുസൃതമായി സർക്കാർ സ്കൂളുകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്താനാകും.
തസ്തിക നിർണയം പൂർത്തിയാകുമ്പോൾ മാത്രമേ അധ്യാപകരുടെ എണ്ണക്കുറവ് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.
ഈ അധ്യയന വർഷം തസ്തിക നിർണയം നടത്തും. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയതിന് ആനുപാതികമായി അധിക തസ്തിക സൃഷ്ടിക്കുന്നത് സർക്കാറിന്‍റെ പരിശോധനക്കുശേഷം മാത്രമായിരിക്കും. ഇതിനനുസൃതമായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.
പുതിയ തസ്തിക സൃഷ്ടിക്കാൻ അനുമതി ലഭിക്കുന്നതുവരെ വർധിച്ച കുട്ടികളെ നിലവിലുള്ള ഡിവിഷനുകളിലിരുത്തി പഠിപ്പിക്കേണ്ടിവരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.