തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും വ്യാപകം. മാരകമായ എം.ഡി.എം.എ (മെഥിലിൻ ഡൈഓക്സി മെത്താഫിറ്റമൈൻ) മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യമാണ്. സ്ത്രീകളും കുട്ടികളുമടക്കം ഇത്തരം മയക്കുമരുന്നുകൾക്ക് അടിമകളാകുന്നത് വർധിക്കുന്നെന്ന് പൊലീസും എക്സൈസും സ്ഥിരീകരിക്കുന്നു.
മുമ്പ് അതിർത്തി കടന്നെത്തിയിരുന്ന മയക്കുമരുന്നുകൾ കേരളത്തിൽ തന്നെ നിർമിക്കുന്നെന്ന സൂചന ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടുന്നത് നിത്യസംഭവമായി മാറി. പല രീതിയിൽ ഉപയോഗിക്കാനാകുമെന്നതും മദ്യപാനം പോലെ പെട്ടെന്ന് പിടികൂടാൻ സാധിക്കില്ലെന്നതും ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്ക് യുവാക്കളെയടക്കം ആകർഷിക്കുന്നു. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാൻ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഇതോടെയാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്ന് എത്തിക്കുന്നത് കുറയുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ ലഹരിമരുന്ന് നിർമിക്കുന്ന കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്തത്.
ഗ്രാമിന് 4000 രൂപ വരെ വിലയുള്ള സിന്തറ്റിക് ലഹരിമരുന്നാണ് എം.ഡി.എം.എ. ഡി.ജെ പാർട്ടികൾക്കായി ഗ്രാമിന് 10,000 രൂപ വരെയുള്ള ലഹരിമരുന്നുകൾ എത്തിക്കുന്നതായാണ് വിവരം. 'എക്സ്റ്റസി പില്‍സ്' എന്നും 'മോളി' എന്നുമൊക്കെ അറിയപ്പെടുന്ന എം.ഡി.എം.എ ഉപയോഗം അടുത്തിടെയാണ് കേരളത്തില്‍ വ്യാപകമായതെന്ന് പൊലീസും എക്സൈസും രജിസ്റ്റർ ചെയ്ത കേസുകൾ ശരിവെക്കുന്നു. ഇത്തരം മയക്കുമരുന്ന് 0.5 ഗ്രാം കൈയില്‍ വെക്കുന്നതുപോലും ജാമ്യമില്ലാക്കുറ്റമാണ്.
ഉറക്കമില്ലായ്മ മുതല്‍ തലച്ചോറിനെയും നട്ടെല്ലിനെയും ഉൾപ്പെടെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങള്‍ എം.ഡി.എം.എയുടെ നിരന്തര ഉപയോഗംമൂലമുണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതുമായ എം.ഡി.എം.എയാണ് കേരളത്തിലേക്ക് നേരത്തേ എത്തിയിരുന്നത്. അതിനു പുറമെയാണ് ഇപ്പാൾ ഇവിടെ ഉൽപാദനവും വിപണനവും തകൃതിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.