മാനന്തവാടി: യുവാവിനെ തട്ടിക്കൊണ്ടുപോയി സദാചാര ഗുണ്ടകൾ ക്രൂരമായി മർദിച്ചതായി പരാതി. കൊറോത്തെ മാന്തോണി അജ്നാസിനാണ് (21) മർദനമേറ്റത്. നാദാപുരത്തുള്ള പതിനഞ്ചോളം വരുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഗുരുതര പരിക്കേറ്റ അജ്നാസിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോറോത്തെ ഫ്ലഷ്മാർക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ് അജ്നാസ്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒരു കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ബൈക്കിൽ പിന്തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് അജ്നാസിനെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റുകയായിരുന്നു. പിന്നീട് നാദാപുരത്തെ ഒരു വീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നുവെന്ന് അജ്നാസ് പറഞ്ഞു. ഇടതു കാൽമുട്ട് ഡ്രിൽ ഉപയോഗിച്ച് തുളക്കുകയും കമ്പികൊണ്ട് തലക്കും കാലിനും അടിച്ച് ഗുരുതര പരിക്കേൽപിക്കുകയും ചെയ്തു. വെള്ളം നിറച്ച വീപ്പയിൽ മുക്കി കൊല്ലാൻ ശ്രമിച്ചതായും അജ്നാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
സംഘത്തിലെ ഒരാൾ കോറോം സ്വദേശി അജ്മലിനെ നാദാപുരത്തേക്ക് വിളിച്ചുവരുത്തി അവശനായ അജ്നാസിനെ കൂടെ വാഹനത്തിൽ കയറ്റിവിടുകയായിരുന്നു. പൊലീസിൽ പരാതി നൽകരുതെന്നും വാഹനാപകടത്തിൽ പരിക്കുപറ്റിയതാണെന്ന് പറയണമെന്ന് നിർദേശിക്കുകയും ചെയ്തു. നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്നാസിനെ വിദഗ്ധ ചികിത്സക്കായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
നാദാപുരം സ്വദേശികളായ വലയാലത്ത് ഫൈസൽ, സഹോദൻ വലയാലത്ത് റഷീദ്, എളന്തുടത്ത് മുഹമ്മദ് എന്നിവരും കണ്ടാലറിയാവുന്ന പതിനഞ്ചോളം പേരും ചേർന്നാണ് തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചതെന്നും മൊബൈൽ ഫോണും ബൈക്കും പണവും കവർന്നതായും അജ്നാസ് പറഞ്ഞു. പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.