കൊണ്ടോട്ടി: നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ വിൽപന കേന്ദ്രം പൊളിച്ച് നാല് ലക്ഷം രൂപയുടെ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് ഹോം ഗാര്‍ഡ് ഉള്‍പ്പെടെ രണ്ട് കർണാടക സ്വദേശികള്‍ പിടിയിൽ. കര്‍ണ്ണാടക ചിക്കബല്ലാപുരം തട്ടനാഗരിപള്ളി സ്വദേശി ഹരിഷ (23), കർണാടക പൊലീസിലെ ഹോം ഗാര്‍ഡ് മടിക്കേരി കൈക്കേരി ഗാന്ധിനഗര്‍ സ്വദേശി മോഹന്‍ കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ നവംബര്‍ 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള മൊബൈല്‍ ഫോണ്‍ വിൽപനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് ഹരിഷയാണ് ഫോണുകള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ബംഗളൂരുവില്‍ എത്തിയ ഇയാള്‍ കർണാടക പൊലീസിലെ ഹോം ഗാര്‍ഡ് മോഹന്‍കുമാറിന്റെ സഹായത്തോടെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്പന നടത്തി.
കർണാടക-ആന്ധ്ര അതിര്‍ത്തി പ്രദേശമായ ബാഗ്യപള്ളിയില്നിന്ന് ഹരിഷയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയതോടെയാണ് കേസിന് തുമ്പായത്. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് കേസില്‍ മോഹന്‍കുമാറിന്റെ പങ്ക് കണ്ടെത്താനായത്. 2023ല്‍ മാവൂരിലെ മൊബൈല്‍ ഫോണ്‍കട പൊളിച്ച് മൊബൈലുകള്‍ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിഷ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്.
2021ല്‍ ഭിക്ഷാടനത്തിന് കേരളത്തിലെത്തിയ ഹരിഷ പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. ഇയാള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ്, മാവൂര്‍, കുന്ദമംഗലം, കല്‍പ്പറ്റ, മാനന്തവാടി, ഇരിട്ടി, പയ്യന്നൂര്‍, കൂത്തുപറമ്പ് സ്റ്റേഷനുകളിലായി 10 ഓളം കളവ് കേസുകളുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ല പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ മനോജ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ്, ശശികുമാര്‍, അബ്ദുള്ള ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.