ഇടുക്കി: നാൽപ്പത്തിയഞ്ച് പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തത്തിന് പതിനാല് വയസ് തികയുന്നു. രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. 2009 സെപ്തംബർ 30ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വെച്ച് കെ.ടി.ഡി.സി.യുടെ 'ജലകന്യക' എന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളുമുൾപ്പടെ 45 പേർക്കാണ് ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്ന സഞ്ചാരികളായിരുന്നു.
അപകടകാരണം കണ്ടെത്താനായി സർക്കാർ ജുഡീഷ്യൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. കൂടുകൽ സഞ്ചാരികളെ കയറ്റിയത്, ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നത്, ബോട്ടിന്‍റെ അശാസ്ത്രീയ നിർമാണം തുടങ്ങീ വിവിധ കാരണങ്ങൾ അപകടത്തിന് വഴിച്ചെന്ന് അന്വേഷണസംഘങ്ങൾ കണ്ടെത്തി. ബോട്ടിന്‍റെ ടെണ്ടർ വിളിച്ചത് മുതൽ നീറ്റിലിറക്കിയത് വരെ 22 വീഴ്ചകൾ സംഭവിച്ചെന്ന റിപ്പോർട്ട് കമീഷന്‍ നൽകിയെങ്കിലും സർക്കാർ നടപടിയുണ്ടായിട്ടില്ല.
അപകടം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവരായിരുന്നു കുറ്റക്കാര്‍. പിന്നീട് നല്‍കിയ രണ്ടാം കുറ്റപത്രത്തില്‍ ബോട്ട് നിര്‍മിച്ച കെ.ടി.ഡി.സി ഉള്‍പ്പടെയുള്ളവരെയും ഉള്‍പ്പെടുത്തി. ബോട്ടിന്‍റെ നിലവാരം കൃത്യമായി പരിശോധിച്ചില്ലെന്നും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ സൂചിപ്പിച്ചു.
കേസിന്റെ തുടര്‍നടപടികള്‍ക്കായി 2009ല്‍ ഹൈകോടതി അഭിഭാഷകനെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനും രാജിവച്ചു. ജഡ്ജി മാറിപ്പോയതും കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടായതും വിചാരണ വൈകാന്‍ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.