പന്തീരാങ്കാവ്​ പീഡനക്കേസ്:​ യുവതി പരാതി പിൻവലിക്കും

കൊച്ചി: പരാതി പിൻവലിക്കുകയാണെന്ന്​ കോഴിക്കോട്​ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ ഭാര്യ ഹൈകോടതിയെ നേരിട്ടറിയിച്ചു. പ്രതിയായ ഭർത്താവ്​ രാഹുൽ പി. ഗോപാലിനൊപ്പമെത്തിയാണ്​ യു​വതി ഇക്കാര്യം അറിയിച്ചത്​. രാഹുലുമായി ഒന്നിച്ച് ജീവിക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കി. ആരുടെയും നിർബന്ധത്തിന്​ വഴങ്ങിയല്ല പരാതി പിൻവലിക്കുന്നതെന്ന്​ ജസ്റ്റിസ് എ. ബദറുദ്ദീനോട്​ നോർത്ത് പറവൂർ സ്വദേശിനിയായ യുവതി പറഞ്ഞു. വിശദാംശങ്ങൾ ആരാഞ്ഞ കോടതി രണ്ട് പേരോടും കൗൺസലിങ്ങിന് വിധേയമാകാൻ നിർദേശിച്ചു. ഇരുവരും ഇതിനുള്ള സമ്മതവും അറിയിച്ചു. കൗൺസലിങ് നൽകാൻ കേരള ലീഗൽ സർവിസ്​ അതോറിറ്റിയെ ചുമതലപ്പെടുത്തിയ കോടതി, വിഷയം വീണ്ടും ആഗസ്റ്റ് 21ന്​ പരിഗണിക്കാൻ മാറ്റി. കൗൺസലിങ്ങിനുശേഷം മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.

ഗൗരവതരമായ ആരോപണമാണ് യുവതി ഉന്നയിച്ചതെന്നും പരിക്കുമായാണ് അവർ പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നും സർക്കാർ വിശദീകരിച്ചു. സംഭവശേഷം പ്രതി നാടുവിട്ടതും ചൂണ്ടിക്കാട്ടി. പരാതി ഗൗരവമുള്ളതാണെന്നും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചെന്നും കോടതിയും വ്യക്തമാക്കി. എന്നാൽ, സാധാരണ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് നടന്നതെന്നും ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ തടസ്സമാകേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.

ഭർതൃവീട്ടിൽ മർദനത്തിനിരയായെന്ന യുവതിയുടെ പരാതിയിൽ മേയിലാണ്​ രാഹുലിനെതിരെ പന്തീരാങ്കാവ് പൊലീസ്​ കേസെടുത്തത്. ഇതിന് പിന്നാലെ രാഹുൽ ജോലി ചെയ്യുന്ന ജർമനിയിലേക്ക്​ കടക്കുകയും ചെയ്തു. പിന്നീട് താൻ നൽകിയത് ശരിയായ വിവരമല്ലെന്നും പരാതിയിൽനിന്ന് പിന്മാറുന്നതായും യുവതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതിനിടെ യുവതിയെ കാണാതായെന്ന് കാട്ടി മാതാപിതാക്കൾ വടക്കേക്കര പൊലീസിൽ പരാതി നൽകി. ഡൽഹിയിലുണ്ടെന്ന് വിവരമറിയുകയും പിന്നീട് വിമാനത്താവളത്തിൽ വെച്ച് പൊലീസ് യുവതിയെ കണ്ടെത്തുകയും ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതി വീട്ടുകാർക്കൊപ്പം പോകാൻ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ്​ കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് യുവതിയുടെ സത്യവാങ്​മൂലം സഹിതം രാഹുൽ കോടതിയെ സമീപിച്ചത്. 

News Summary - Woman to withdraw complaint in Pantheeramkavu domestic violence case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.