കാലിക്കറ്റ് പ്രസ് ക്ലബ് ഏർപ്പെടുത്തിയ തെരുവത്ത് രാമൻ അവാർഡ് ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാധ്യമം എഡിറ്റർ വി.എം.ഇബ്രാഹിമിന് സമ്മാനിക്കുന്നു

തെരുവത്ത് രാമൻ അവാർഡ് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിമിന് സമ്മാനിച്ചു

കോഴിക്കോട്‌: കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്‍റെ 2021ലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത്‌ രാമൻ അവാർഡ് ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാധ്യമം എഡിറ്റർ വി. എം. ഇബ്രാഹിമിന് സമ്മാനിച്ചു. 2021 ജൂലൈ ആറിന് 'മാധ്യമം' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'മനുഷ്യത്വം കുരിശേറുമ്പോൾ' എന്ന മുഖപ്രസംഗത്തിനാണ് അവാർഡ്‌. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്‌ പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത്‌ രാമന്‍റെ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയതാണ്‌.

പ്രമുഖ മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, മുതിർന്ന മാധ്യമ പ്രവർത്തകരായ പി. സുജാതൻ, പി. എസ്‌ നിർമല എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനു അർഹമായ മുഖപ്രസംഗം തെരഞ്ഞെടുത്തത്. ആദിവാസി-ദലിത്‌ വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിന് ഭരണകൂട വേട്ടക്കിരയായ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെ വിശകലനം ചെയ്യുന്ന മുഖപ്രസംഗമായിരുന്നു ഇത്‌. വസ്തുതയും വിശകലനവും ഉൾക്കൊള്ളുമ്പോൾ തന്നെ വായനക്കാരന്‍റെ ഹൃദയത്തെ സ്പർശിക്കാൻ കഴിയുന്ന എഴുത്താണ് മുഖപ്രസംഗത്തെ ശ്രദ്ധേയമാക്കുന്നതെന്ന് ജൂറി വിലയിരുത്തി.


2001 ജൂണിൽ മാധ്യമത്തിൽ അസി.എക്സിക്യൂട്ടീവ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച ഇബ്രാഹിം മാധ്യമത്തിലും ഗൾഫ് മാധ്യമത്തിലും എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2021 ഏപ്രിൽ മുതൽ പത്രാധിപർ. 'ചെകുത്താനും ചൂണ്ടുവിരലും', 'തീർഥാടകന്‍റെ കനവുകൾ' (വിവർത്തനം) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.

ഉർദു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇബ്രാഹിം മലപ്പുറം അബ്ദുറഹ്മാൻ നഗറിലെ പരേതനായ വി.എം അബ്ദുറഹ്മാന്‍റെയും ഖദീജയുടെയും മകനാണ്. ഫാറൂഖ് കോളജ് ആസാദ് ഭവനിൽ താമസം. ഭാര്യ: ഹാജറ എ.കെ. മക്കൾ: റജാ ഖാതൂൻ, റാജി ഇസ്മാഈൽ, നാജി ഇസ്ഹാഖ്. ജാമാതാവ്: നിയാസ് അഹ്മദ്.

Tags:    
News Summary - Theruvath Raman Awards Presented to Madhyamam Editor V.M. Ibrahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.