കോട്ടയം: ഉമ്മൻ ചാണ്ടിയെ ആർക്കും ലക്ഷ്യംവെക്കാനാകില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിൽ ആരെങ്കിലും അതിന് സമ്മതിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വാർത്തസമ്മേളനത്തിനിടെ വി.എം. സുധീരെൻറയും പി.ജെ. കുര്യെൻറയും വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇൗ പ്രതികരണം.
ഉമ്മൻ ചാണ്ടിക്കെതിരെയുള്ള സുധീരെൻറയും കുര്യെൻറയും വിമർശനങ്ങൾക്ക് പിന്നിൽ എ.കെ. ആൻറണിയാണെന്ന് വിശ്വസിക്കുന്നില്ല. കോൺഗ്രസ് ഇപ്പോൾ വിഷമസ്ഥിതിയിലാണ്. അതിൽനിന്ന് കരകയറാനുള്ള നടപടി ഉണ്ടാകണം. തെറ്റുകൾ തിരുത്തണം. ആരുടെയെങ്കിലും സ്ഥാനവുമായി ബന്ധപ്പെടുത്തിയല്ല ഇത്. ആരെങ്കിലും സ്ഥാനം ഒഴിയുന്നതുെകാണ്ട് തീരുന്നതാണ് പ്രശ്നങ്ങളെന്ന് കരുതുന്നില്ല. രക്ഷപ്പെടാന്‍ കൃത്യമായ തന്ത്രം നേതൃത്വം സ്വീകരിച്ചേ മതിയാകൂ.
കോൺഗ്രസും യു.ഡി.എഫും ശക്തിപ്പെടണം. പരാജയപ്പെട്ട് കഴിഞ്ഞാൽ പിന്നെ ആരുടെ തോൽവിയാണെന്ന് ചികഞ്ഞ് നോക്കിയിട്ട് കാര്യമില്ല. പാർട്ടിയിൽ എല്ലാവരും െഎക്യം ആഗ്രഹിക്കുന്ന ഘട്ടമാണിത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പാർട്ടിക്ക് തെരഞ്ഞെടുപ്പ് വിജയം നേടാനായിട്ടില്ലെന്ന കുര്യെൻറ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ, ഉമ്മൻ ചാണ്ടി നയിച്ചപ്പോൾ റെക്കോഡ് ഭൂരിപക്ഷത്തോട് ജയിച്ചയാളാണ് ഞാനെന്ന് അദ്ദേഹം പറഞ്ഞു.
പരസ്യപ്രസ്താവനകൾക്ക് വിലക്കുള്ളതിനാൽ വിമർശനങ്ങൾക്ക് മറുപടി നൽകാനില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ പരിഹരിക്കും. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യു.ഡി.എഫിന് തെരഞ്ഞെടുപ്പിനെ ഭയക്കേണ്ട കാര്യമില്ല.
എ.ഡി.ജി.പിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം നികൃഷ്ടമായ നടപടിയാണ്. എ.ഡി.ജി.പിക്കെതിരെ പൗരാവകാശ ലംഘനത്തിന് നടപടിയെടുക്കണം. നടന്നത് ഭരണഘടനവിരുദ്ധ നടപടിയാണ്. അടിമപ്പണി സമ്മതിക്കാനാകില്ല. ജോലി തടസ്സപ്പെടുത്തിയതിന് എ.ഡി.ജി.പിയുടെ മകൾക്കെതിരെ കേസെടുക്കണം. എന്നാൽ, ഇതുവരെ അവരെ തൊട്ടിട്ടില്ല. ഉദ്യോഗസ്ഥനെ മാറ്റിയത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.