കല്പറ്റ: ബോസ്റ്റണ്‍ ഫുള്‍ മാരത്തണില്‍ 55 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ മ ത്സരിക്കാന്‍ യോഗ്യത നേടി വയനാട് സ്വദേശി ലോറി ഡ്രൈവര്‍. മാനന്തവാടി ദ്വാരക പള്ളിത്താ ഴത്ത് തോമസ് ആണ് താരം. ജനുവരി 19നു നടന്ന ടാറ്റ മുംബൈ ഇൻറര്‍നാഷനല്‍ ഫുള്‍ മാരത്തണില്‍ 55 പ്ലസ് വിഭാഗത്തില്‍ അഞ്ചാമനായി ഫിനിഷ് ചെയ്തതാണ് തോമസിനു ബോസ്റ്റണ്‍ മാരത്തണില്‍ ഒ രുകൈ നോക്കാൻ കരുത്തായത്. മുംബൈ മാരത്തണില്‍ മൂന്നു മണിക്കൂറും 34 മിനിറ്റുമെടുത്താണ് തോമസ് 42 കിലോമീറ്റര്‍ ഓടിയത്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ബോസ്റ്റണ്‍ മാരത്തണില്‍ ഒരു കുതിപ്പിന് ബാല്യമുണ്ട്.
ആറുവര്‍ഷമായി ദേശീയ മാസ്റ്റേഴ്സ് മീറ്റുകളില്‍ സജീവമാണ്. ഇതിനകം നിരവധി മെഡലുകളാണ് അണിഞ്ഞത്. 2018ല്‍ ബംഗളൂരുവില്‍ നടന്ന ഓള് ഇന്ത്യ മാസ്റ്റേഴ്സ് മീറ്റില്‍ പത്തു കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും അഞ്ചു കിലോമീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും 1,500 മീറ്ററില്‍ വെങ്കലവും നേടി. സ്പെയിനില്‍ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റില്‍ മത്സരിക്കുന്നതിനും യോഗ്യത നേടി. എന്നാല്‍, കാശില്ലാത്തതിനാൽ സ്പെയിന് യാത്ര നടന്നില്ല.
2019 ഡിസംബര്‍ ഒന്നിനു നടന്ന കൊച്ചി ഫുള്‍ മാരത്തണില്‍ സ്വര്‍ണം നേടിയ തോമസ് ഈ വര്‍ഷം വേറെയും നേട്ടങ്ങള്‍ കൊയ്തു. മണിപ്പാല്‍ ഹാഫ് മാരത്തണില്‍ സ്വര്‍ണം നേടിയ അദ്ദേഹം ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡല്‍ഹി മാരത്തണില്‍ രണ്ടാമനായാണ് ഓടിയെത്തിയത്.
20 വർഷത്തോളമായി ലോറി ഡ്രൈവറാണ് തോമസ്. കൃഷിയില്‍നിന്നുള്ള വരുമാനം കുടുംബം പോറ്റാന്‍ തികയാതെവന്നപ്പോഴാണ് മുംബൈയ്ക്കു വണ്ടികയറിയത്.
തൊഴിലിനിടെ കഴുത്തുവേദന അലട്ടിയപ്പോള്‍ വ്യായാമത്തിനു തുടങ്ങിയ നടത്തമാണ് പില്ക്കാലത്തു തോമസിനെ മാസ്റ്റേഴ്സ് മീറ്റുകളിലെ മികച്ച താരമാക്കിയത്. പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനാണ് തോമസ്. ഭാര്യ ലില്ലി. മക്കൾ: അശ്വതി, അനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.