തൃശൂർ: മോർച്ചറിയിൽ ജീവനറ്റ് കിടക്കുമ്പോഴും പ്രവീൺ നാഥിന്റെ നെഞ്ചിൽ മായാതെ പച്ച കുത്തിയ ആ രണ്ടക്ഷരം പറ്റിപ്പിടിച്ച് കിടന്നിരുന്നു- ‘ അമ്മ’. മകളായി ലാളിച്ച്, ആണായി വളർന്ന മകനെ മനസ്സിലാക്കിയ അമ്മ വത്സലയുടെ കണ്ണീരായിരുന്നു ആ വിയോഗം. വ്യാഴാഴ്ച തൃശൂരിൽ വിഷം ഉള്ളിൽചെന്ന് മരിച്ച ട്രാൻസ് മെൻ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺ നാഥ് ആ അമ്മക്ക് ‘മകനാ’യിരുന്നു; ജന്മം കൊണ്ട് മകളും.
ഒരു കാലത്ത് വേദനയും പിന്നീട് അഭിമാനവുമായിരുന്നു അവൻ. ആദ്യ ട്രാൻസ്ജെൻഡർ ബോഡി ബിൽഡർ, 2021 ലെ മിസ്റ്റർ കേരള, മിസ്റ്റർ തൃശൂർ.. ഇവയൊക്കെ നേടുമ്പോൾ മകൻ അഭിമാനം നൽകി. അതുകൊണ്ടുതന്നെ കഴിഞ്ഞ ഫെബ്രുവരി 14 ന് ട്രാൻസ് വുമണായ മലപ്പുറം കോട്ടക്കൽ സ്വദേശി റിഷാന ഐഷുവിനെ വിവാഹം കഴിച്ച് വന്നപ്പോഴും മറുത്തൊന്നും പറഞ്ഞില്ല.
കോളജിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയ പരാതികളും കളിയാക്കലുകളുമാണ്- ‘‘ എന്തൊക്കെയായാലും എന്റെ വയറ്റിൽ പിറന്നതല്ലേ... ഒഴിവാക്കാനാവില്ലല്ലോ’’. നെന്മാറ എൻ.എസ്.എസ് കോളജിൽ തുടരാനാകാതെ പ്രവീൺ വീട് വിട്ടുപോയപ്പോൾ തിരിച്ചുവരില്ലെന്ന് കരുതി ആ അമ്മ കരഞ്ഞതിന് കണക്കില്ല. ഒടുവിൽ ഫോൺ നമ്പർ കണ്ടെത്തി ഒരുപാട് പറഞ്ഞിട്ടാണ് തിരികെ വീട്ടിലെത്തിയത്.
ചേട്ടന്മാർ എന്ത് പറയുമെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു- ‘ഞാനല്ലേ ചോറ് തരുന്നത്, നീ വാ’. ആ സ്നേഹനിർബന്ധത്തിന് വഴങ്ങി വീട്ടിലെത്തി. പുരുഷനാകാനുള്ള ശസ്ത്രക്രിയയിൽ കൂട്ടിരുന്നതും അമ്മയായിരുന്നു. എന്താണ് മകൾക്ക് സംഭവിക്കാൻ പോകുന്നതെന്ന് പോലും അറിയുമായിരുന്നില്ല. പേടിയും സങ്കടവും കൊണ്ട് വീർപ്പുമുട്ടിയിരുന്ന അവരെ കൂട്ടുകാരാണ് പറഞ്ഞ് മനസ്സിലാക്കിപ്പിച്ചത്.
പുരുഷനായപ്പോൾ മോളേ എന്ന വിളി അമ്മ മാറ്റി മോനേ..എന്ന് വിളിച്ചപ്പോൾ എത്ര പെട്ടെന്നാണ് അമ്മ എന്റെ പുതുസ്വത്വം അംഗീകരിച്ചതെന്ന് പ്രവീൺ അദ്ഭുതത്തോടെ പങ്കുവെച്ചിട്ടുണ്ട്. ‘ബോഡി ബിൾഡിങ്ങിനിറങ്ങാൻ പണം വേണമല്ലോ’ എന്ന വിഷമം പങ്കിട്ടപ്പോൾ വായ്പ വാങ്ങിയും സ്വർണം പണയം വെച്ചുമാണ് അമ്മ പണം സംഘടിപ്പിച്ചത്. മിസ്റ്റർ കേരള മത്സരത്തിൽ പോയപ്പോൾ തുടരെ വിളിക്കുമായിരുന്നു. ഒടുവിൽ വിജയം അറിയിച്ച ശേഷം ബന്ധുക്കളോടും നാട്ടുകാരോടും അഭിമാനത്തോടെ പറഞ്ഞു.
‘‘അമ്മ മനസ്സിലാക്കിയിടത്തോളം വേറെ ആരും മനസ്സിലാക്കാൻ പോണില്ല.. ആ അമ്മയോളം ചേർത്തുനിർത്തലുകൾ വേറെ ഉണ്ടാവുകയുമില്ല’’-പ്രവീണിന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകൾ മായാതെ കിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.