ആലപ്പുഴ: 2021ലെ രാഷ്ട്രീയ സംഘർഷത്തിൽ ജില്ലയിൽ തുടർച്ചയായി നടന്നത് മൂന്ന് കൊലപാതകം. ഒടുവിൽ ഇരയായ രൺജിത് ശ്രീനിവാസന്റെ കേസിൽ മാത്രം വിധിയെത്തി. 2021 ഫെബ്രുവരി 24ന് ചേർത്തല വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ തട്ടാരുപറമ്പ് നന്ദുകൃഷ്ണന്റേതാണ് (22) ആദ്യ കൊലപാതകം.
വയലാർ നാഗംകുളങ്ങര കവലക്കുസമീപം ആർ.എസ്.എസ്-പോപുലർ ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റാണ് നന്ദു കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളും സഹായികളുമായ 40 പേർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിചാരണ തുടങ്ങിയിട്ടില്ല.
ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനെ (38) കൊലപ്പെടുത്തിയത്. 2021 ഡിസംബർ 18ന് രാത്രി 7.30ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽവെച്ച് സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽനിന്ന് എത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നന്ദുകൃഷ്ണനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായി ഷാനെ വധിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ആലപ്പുഴ സെഷൻസ് കോടതി രണ്ടിലാണ് ഷാൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ആർ.എസ്.എസ് ജില്ല പ്രചാരക് അടക്കം 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. ഷാൻ വധക്കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതടക്കമുള്ള വീഴ്ചയുണ്ടായി.
രൺജിത് വധക്കേസിലെ വിധിയെത്തുന്നതിന് തൊട്ടുമുമ്പാണ് ഷാൻ വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.
മാവേലിക്കര: ബി.ജെ.പി നേതാവായിരുന്ന അഡ്വ. രൺഞിത്ത് ശ്രീനിവാസൻ കൊലക്കേസ് വിധി ദിനത്തിൽ കോടതിയിലും പരിസരത്തും ഒരുക്കിയത് വൻ സുരക്ഷ. വിധി കേൾക്കാനായി എത്തിയത് വൻ ജനക്കൂട്ടവും. എല്ലാം ചേർന്ന് കോടതി പരിസരം നിറഞ്ഞ് കവിഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പൊലീസുകാരെയാണ് കോടതിയിലും പരിസരത്തുമായി വിന്യസിച്ചത്. മഫ്തിയിലും വൻ സംഘം പലയിടങ്ങളിലായി നിലയുറപ്പിച്ചിരുന്നു. വിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതൽ കോടതിയും പരിസരവും നിരീക്ഷണത്തിലായിരുന്നു.
വിധി കേൾക്കാൻ രൺജിത്ത് ശ്രീനിവാസന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. 10.30 ഓടെ കോടതിക്ക് സമീപത്തുള്ള സബ് ജയിലിൽ നിന്ന് കനത്ത സുരക്ഷയോടെയാണ് പ്രതികളെ കോടതിയിലെത്തിച്ചത്. കേസ് നടന്ന ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് ഒന്നിന്റെ കോടതി മുറിയിലേക്ക് അഭിഭാഷകർക്കും മാധ്യമ പ്രവർത്തകർക്കും മാത്രമായിരുന്നു പ്രവേശനം.
കോടതി മുറിക്കുള്ളിൽ രൺജിത്തിന്റെ മാതാവ് വിനോദിനി, ഭാര്യ ലിഷ, മക്കൾ എന്നിവർക്ക് ഇരിപ്പടം നൽകി. 11 മണിയോടെ ചേംമ്പറിൽ എത്തിയ ജഡ്ജി വി.ജി. ശ്രീദേവി കോടതി നടപടികൾക്ക് ശേഷം വിധി പ്രഖ്യാപിക്കുകയായിരുന്നു. പതിനാല് പ്രതികളാണ് കോടതിയിൽ ഉണ്ടായിരുന്നത്.
പത്താം പ്രതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജഡ്ജിയുടെ വിധി പ്രസ്താവം 14 പ്രതികളും അക്ഷോഭ്യരായാണ് കേട്ടുനിന്നത്. വിധി പ്രസ്താവിച്ച് ഉടൻ തന്നെ പ്രതികളെ കോടതിക്ക് പുറത്തേക്ക് മാറ്റി. പുറത്തേക്ക് കൊണ്ടുവരുമ്പോൾ കാത്തു നിന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്താണ് പ്രതികൾ ജയിലിലേക്ക് പോയത്.
ഒരാളെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പേർക്കും വധശിക്ഷ നടപ്പാക്കിയ വിധി വലിയ ചർച്ചക്ക് വഴിയൊരുക്കി. ഇത്രയും പേരെ ഒന്നിച്ച് ഇത്തരത്തിൽ ശിക്ഷിക്കുന്നത് ഇതാദ്യമായതാണ് ചർച്ചക്ക് കാരണം. നിയമത്തിലെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തിയ വിധിയെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.