ജന്മിമാരുടെ ക്രൂരതയായിരുന്നു 1949 ഡിസംബർ 31ലെ ‘ശൂരനാട്’ സംഭവത്തിന് വഴിയൊരുക്കിയത്. പാവപ്പെട്ടവർ മീൻ പിടിച്ച് ഉപജീവനം നടത്തിയിരുന്ന ശൂരനാട്ടെ ‘പുറമ്പോക്ക് കുളം’ പ്രമാണിമാരുടെ താൽപര്യപ്രകാരം ലേലം ചെയ്തു. എന്നാൽ വിലക്ക് ലംഘിച്ച് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ മീൻപിടിച്ചതോടെയാണ് പൊലീസ് അതിക്രമം തുടങ്ങിയത്. ഇത് പാർട്ടി പ്രവർത്തകർ തടഞ്ഞപ്പോഴുണ്ടായ സംഘട്ടനത്തിലാണ് പൊലീസുകാർ കൊല്ലപ്പെട്ടത്.
കായംകുളം: ‘ഏഴുവയസ്സുകാരി ഭാർഗവി കൊളുത്തിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വള്ളികുന്നത്തെ ആദ്യ കമ്യൂണിസ്റ്റ് സെൽ രൂപവത്കൃതമായിട്ട് മുക്കാൽ നൂറ്റാണ്ട്. രണസ്മരണകളിരമ്പുന്ന വിപ്ലവ ചരിത്രങ്ങളുടെ ഓർമകൾ ഉണർത്താൻ നാലുനാൾ നീളുന്ന ആഘോഷങ്ങളാണ് വള്ളികുന്നത്ത് ഒരുക്കിയിരിക്കുന്നത്.
1948 ഒക്ടോബർ 14ന് ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ സഖാവിന്റെ വീട്ടിലാണ് ആദ്യ പാർട്ടി സെൽ രൂപവത്കരണത്തിന് സഖാക്കൾ ഒത്തുചേരുന്നത്. കുഞ്ഞുരാമനെ കൂടാതെ തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ, കെ.എൻ. ഗോപാലൻ, ചാലിത്തറ കുഞ്ഞച്ചൻ, കിടങ്ങിലെ മാനേജർ (നീലകണ്ഠൻ), ടി.കെ. തേവൻ എന്നിവരാണ് പങ്കെടുത്തത്. ഗോപാലനായിരുന്നു ആദ്യ സെക്രട്ടറി. പിന്നെയുള്ള സമരവഴികൾ ത്യാഗചരിത്രത്തിന്റേതായിരുന്നു. അടിയാളവർഗത്തിന്റെ ജീവിതങ്ങളെ കശക്കിയെറിഞ്ഞ മാടമ്പിമാരുടെ പ്രമാണിത്വത്തെ ചോദ്യം ചെയ്യാനിറങ്ങിയ ഒരുപറ്റം ചെറുപ്പക്കാരുടെ ധീര ചുവടുവെപ്പുകളാണ് പിന്നീട് നാട് കാണുന്നത്. അയിത്തവും അനാചാരങ്ങളും ജന്മിത്വവാഴ്ചക്കും എതിരെ അവർ പൊരുതി.
എണ്ണക്കാട് കൊട്ടാരത്തിലെ ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനുമാണ് വിപ്ലവവഴിയിലേക്ക് ആളെ കൂട്ടാൻ ആദ്യം വള്ളികുന്നത്ത് എത്തുന്നത്.
കമ്യൂണിസ്റ്റ് ആശയം ജനമനസ്സുകളിൽ ആഴത്തിൽ കുത്തിയിറക്കാൻ കഴിയുന്ന രചനാശൈലിയുടെ ഉടമകളെയും ആയുധവഴിയിൽ വിപ്ലവം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഉയർത്തിക്കാട്ടിയ കാരിരിമ്പിന്റെ കരുത്തുള്ള സഖാക്കളെയും അവർ വള്ളികുന്നത്തിന്റെ മണ്ണിൽ വാർത്തെടുത്തു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അടക്കമുള്ള നാടകങ്ങൾ കൈരളിക്ക് സംഭാവന ചെയ്ത തോപ്പിൽ ഭാസി, എഴുത്തുകാരനും പത്രാധിപരും നടനുമായിരുന്ന കാമ്പിശ്ശേരി കരുണാകരൻ, ശൂരനാട് സമര നായകൻ സി.കെ. കുഞ്ഞുരാമൻ, പനത്താഴ രാഘവൻ, പേരൂർ മാധവൻപിള്ള തുടങ്ങി ഒട്ടനവധി സഖാക്കളാണ് ഇവിടെ ഉയിർകൊണ്ടത്.
ഈ സംഘബലം നാട്ടിൽ സൃഷ്ടിച്ച വിപ്ലവം ചരിത്രത്തിലെ വേറിട്ട അടയാളപ്പെടുത്തലുകളായി നിറഞ്ഞുനിൽക്കുന്നു. കായംകുളത്തുനിന്നു അധ്യാപകനായി എത്തി നാട്ടുകാരനായി മാറിയ കേശവൻപോറ്റിയും ഇവർക്കൊപ്പം ചേർന്നിരുന്നു. നാട്ടുപ്രമാണിമാരുടെ അധികാര ഗർവുകൾക്കെതിരെയുള്ള പടയൊരുക്കത്തിന് രൂപംനൽകിയാണ് ഇവർ സമരവഴികൾ വെട്ടിത്തീർത്തത്.
പാടത്തും പറമ്പത്തും വിയർപ്പൊഴുക്കി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ച പാവപ്പെട്ടവന് അർഹമായ വേതനംപോലും നിഷേധിക്കപ്പെടുന്നതിനെതിരെയും മാന്യമായി വഴി നടക്കാനുള്ള അവകാശത്തിനായും ഇവർ സമരവഴികൾ വെട്ടിത്തെളിച്ചു. ഇവരുടെ ത്യാഗനിർഭര പോരാട്ടങ്ങളുടെ ഫലമായാണ് വള്ളികുന്നത്ത് കമ്യൂണിസ്റ്റ് പാർട്ടി പടർന്നു പന്തലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.