സെഞ്ച്വറി അടിക്കുമോ? ഷോക്കടിക്കുമോ? ; തൃക്കാക്കര വിധിയെഴുത്ത് തുടങ്ങി

കൊച്ചി: രാഷ്ട്രീയ കേരളം ഉദ്വേഗത്തോടെ കാത്തിരിക്കുന്ന 'തൃക്കാക്കരയുദ്ധ'ത്തിൽ ഇന്ന് വിധിനിർണയ ദിനം. മണ്ഡലത്തിലെ 239 ബൂത്തുകളിൽ 238 എണ്ണത്തിലും കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. 

വോട്ടിങ് മെഷീൻ പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിക്കാനുള്ള മോക് പോൾ രാവിലെ കഴിഞ്ഞു. രാവിലെ ആറുമണിക്ക് മുമ്പുതന്നെ പോളിങ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബൂത്തുകളിലെത്തിയിരുന്നു. ഒരു ബൂത്തിൽ മെഷീൻ തകരാറിലായത് പോളിങ് വൈകാൻ ഇടയാക്കി.


യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് 


119ാം ബൂത്ത് ഇൻഫന്റ് ജീസസ് സ്കൂളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറിലായത്. തുടർന്ന് വോട്ടെടുപ്പ് വൈകി. മോക് പോളിങ് സമയത്തു തന്നെ ഇ.വി.എം തകരാറിലായിരുന്നു. ഉദ്യോഗസ്ഥർക്ക് പ്രശ്നപരിഹാരത്തിന് സാധിക്കാതായതോടെ ടെക്നീഷ്യൻമാർ സ്ഥലത്തെത്തി.

തകരാർ പരിഹരിച്ച് മോക് പോളിങ് നടക്കുന്നതിനിടെ വീണ്ടും മെഷീൻ തകരാറിലായി. തുടർന്ന് പുതിയ മെഷീൻ എത്തിച്ച് രാവിലെ എട്ടോടെ പോളിങ് ആരംഭിച്ചു. മറ്റെവിടെയും പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉമ തോമസ് വോട്ടു ചെയ്യാൻ വരി നിൽക്കുന്നു


നിയമസഭയിൽ സെഞ്ച്വറി തികക്കാൻ എൽ.ഡി.എഫും സംസ്ഥാന സർക്കാറിന് ഷോക്ക് ട്രീറ്റ്മെന്‍റ് നൽകാൻ യു.ഡി.എഫും കാത്തുനിൽക്കുകയാണ്. മഴമേഘങ്ങൾ കാര്യമായി പെയ്തില്ലെങ്കിൽ പോളിങ് കനക്കുമെന്നാണ് പ്രതീക്ഷ. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

ഒരുമാസം നീണ്ട പൊരിഞ്ഞ പ്രചാരണത്തിന് ഒടുവിൽ അവസാനവട്ട വോട്ടുറപ്പിക്കലും കഴിഞ്ഞ് ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും. വോട്ടുനില ഉയർത്തുമെന്ന പ്രതീക്ഷയാണ് എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ പങ്കുവെക്കുന്നത്. പി.ടി. തോമസിന്‍റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഞായറാഴ്ച പരസ്യ പ്രചാരണമവസാനിച്ചതോടെ വീടുകളിലും പൊതുഇടങ്ങളിലും ചെന്ന് വോട്ടു ഉറപ്പിക്കുന്ന തിരക്കിലായിരുന്നു തിങ്കളാഴ്ച സ്ഥാനാർഥികൾ.




1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതുന്നത്. 3633 പേർ കന്നി വോട്ടർമാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ടർമാരിലുണ്ട്. 239 ബൂത്തുകൾ തെരഞ്ഞെടുപ്പിനായി ഒരുക്കി. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമുണ്ട്.

75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്. കണയന്നൂർ താലൂക്കിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപറേഷനിലെ ഇടപ്പള്ളി, വൈറ്റില സോണുകളിലെ 22 ഡിവിഷനുകളും ചേർന്നതാണ് തൃക്കാക്കര നിയമസഭ മണ്ഡലം. 2011ൽ മണ്ഡല രൂപവത്കരണത്തിനു ശേഷം നാലാമത്തെ തെരഞ്ഞെടുപ്പാണ് തൃക്കാക്കര നേരിടുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നു പോളിങ്. 2016ൽ 74.71, 2021ൽ 70.39 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.




 




 




 


Tags:    
News Summary - Thrikkakara by election 2022: polling today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.