ആകാശത്ത് വിരിയും ‘ഗുണ കേവും’ ‘പ്രേമലു’വും; തൃശൂർ പൂരം സാമ്പ്ൾ വെടിക്കെട്ട്​ ഇന്ന്​

തൃശൂർ: പൂരനഗരിയെ ശബ്ദവർണഘോഷങ്ങളിൽ ആറാടിക്കുന്ന കരിമരുന്നിന്റെ സാമ്പ്ൾ ഇന്ദ്രജാലം ഇന്ന്. രാത്രി ഏഴിനാണ് സാമ്പ്ൾ വെടിക്കെട്ടിന് തുടക്കമാവുക. ആദ്യം പാറമേക്കാവും തുടർന്ന് തിരുവമ്പാടിയുമാണ് വെടിക്കെട്ടിന് തിരികൊളുത്തുക. പാറമേക്കാവിന് ഏഴു മുതൽ ഒമ്പതു വരെയും തിരുവമ്പാടിക്ക് ഏഴു മുതൽ 8.30 വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.

പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട്​ കരാറുകാരൻ ഒരാളാണെന്ന പ്രത്യേകത ഇക്കുറിയുണ്ട്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശാണ് ഇരുവിഭാഗത്തിനും വെടിക്കെട്ട്​ ഒരുക്കുന്നത്​. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ട്​ ചുമതലക്കാരനായിരുന്നു സതീശൻ. പതിവുപോലെ ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നും ഇരു കമ്മിറ്റിയുടെ താൽപര്യപ്രകാരം ഒരുക്കുന്ന ​വെടിക്കെട്ടിന്‍റെ രഹസ്യം നിലനിർത്തുമെന്നും സതീശൻ പറയുന്നു.

പഴയ നിലയമിട്ടുകൾ മുതൽ ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയും വെടിക്കെട്ടിലുണ്ടാകും. ആദ്യ 20 മിനിറ്റിനകം ഇരുവിഭാഗങ്ങളുടെയും കൂട്ടപ്പൊരിച്ചിൽ നടക്കും. തുടർന്ന് വർണ അമിട്ടുകളുടെ ആഘോഷം നടക്കും. വെടിക്കെട്ട് പ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന തരത്തിൽ പുത്തൻ പരീക്ഷണങ്ങളാണ് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ടുപുരകളിൽ ഒരുങ്ങുന്നത്. ആകാശത്ത് പൊട്ടിവിരിഞ്ഞശേഷം താഴേക്ക് ഊർന്നിറങ്ങുന്ന ‘ഗുണ കേവും’, ആകാശത്ത് ഹൃദയത്തിന്റെ ആകൃതിയിൽ ​വിരിയുന്ന ‘പ്രേമലു’വും എല്ലാം സ്​പെഷൽ അമിട്ടിലുണ്ടാകും. പൂരത്തിന്റെ പ്രധാന വെടിക്കെട്ട് 20ന് പുല​ർച്ചയാണ്. പാറമേക്കാവിന് പുലർച്ച മൂന്നു മുതൽ ആറു വരെയും തിരുവമ്പാടിക്ക് മൂന്നു മുതൽ അഞ്ചു വരെയുമാണ് സമയം. പകൽപൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് 21ന് ഉച്ചക്ക് നടക്കും.

നൂറോളം തൊഴിലാളികളുടെ ഏറെനാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് പൂരം വെടിക്കെട്ട്. അപ്രതീക്ഷിതമായി മഴ പെയ്താൽ വെടിക്കെട്ട് സാമഗ്രികൾ സംരക്ഷിക്കാൻ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കലക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ ഇന്ന​ലെ വെടിക്കെട്ട് നടക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു.

നഗരം കനത്ത പൊലീസ് സുരക്ഷയിലാണ്. സ്വരാജ് റൗണ്ടിൽനിന്ന് വെടിക്കെട്ട് കാണുന്നതിന് പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഇക്കുറിയുമുണ്ടാകും. റൗണ്ടിൽ ‘പെസോ’ (പെട്രോളിയം ആൻഡ്​ എക്സ്​​പ്ലോസീവ്​സ്​ സേഫ്​റ്റി ഓർഗനൈസേഷൻ)യും പൊലീസും അനുവദിച്ച വിവിധ സ്ഥലങ്ങളിൽനിന്നാണ് വെടിക്കെട്ട് കാണാനാവുക.

പൂരവിളംബരം നാളെ

തൃശൂർ: പൂരത്തിന്റെ വിളംബരമറിയിച്ച് വ്യാഴാഴ്ച നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കും. കൊച്ചിൻ ദേവസ്വം ശിവകുമാറിന്റെ ശിരസ്സിലേറിവരുന്ന ഭഗവതി മണികണ്ഠനാലിൽനിന്ന് മേളത്തോടെയാണ് വടക്കുംനാഥനിലെത്തുക. ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് വടക്കുംനാഥനെ വണങ്ങി പതിനൊന്നരയോടെ തെക്കേ ഗോപുരനട തുറക്കും. പൂരദിവസം രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യം തെക്കേ ഗോപുരനട വഴി വടക്കുംനാഥനിലേക്ക് പ്രവേശിക്കുക.

Tags:    
News Summary - Thrissur pooram 2024 sample fire works today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.