തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഉദ്യോഗാർഥികളെ ഇൻറർവ്യൂ ചെയ്ത ഡെപ്യൂട്ടി ജനറൽ മാനേജർ (ലീഗൽ) ശശികുമാരൻ തമ്പിയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്റോൺമെന്റ്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. അറസ്റ്റിലായ ദിവ്യ ജ്യോതിയുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ, ശ്യാംലാൽ, ശശികുമാരൻ തമ്പി ഉൾപ്പെടെ മറ്റ് പ്രതികൾ ഒളിവിലാണ്.
ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ദിവ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെന്ന ഉദ്യോഗാർഥിയുടെ പരാതിയിൽ കഴിഞ്ഞമാസമാണ് വെഞ്ഞാറമൂട് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന ആക്ഷേപവുമുണ്ട്. ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്റോണ്‍മെന്റ് പൊലീസ് നടപടിയെടുക്കാതെ പൂഴ്ത്തുകയായിരുന്നുവത്രെ. പിന്നീടെത്തിയ അഞ്ച് പേരുടെയും പരാതി സ്വീകരിച്ചില്ല. ആദ്യ പരാതിക്കാരി നല്കിയ ചെക്കും പ്രോമിസറി നോട്ടും അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പൊലീസ് പരിഗണിച്ചുമില്ല. വീഴ്ച ചൂണ്ടിക്കാണിച്ച് ഡി.സി.പിക്ക് പരാതി നൽകിയതോടെയാണ് കേസിന് ജീവന്‍വെച്ചത്. ഡി.സി.പി പ്രത്യേക ഉത്തരവിറക്കി കേസ് പൂജപ്പുര പൊലീസിന് കൈമാറി.
പണം കൈമാറുന്നതിന്റെ വിഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളുമടക്കം തെളിവുകളുമായാണ് ഉദ്യോഗാർഥികള്‍ പൊലീസിനെ സമീപിച്ചത്. പണം വാങ്ങിയ ദിവ്യയെ പാളയം ജേക്കബ് ജങ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.