റേഷൻ വാഹന നിരീക്ഷണം പദ്ധതി തകർക്കാൻ ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ട്

തൃശൂർ: റേഷൻ ഭക്ഷ്യധാന്യ ശേഖരണ-വിതരണ വാഹനങ്ങൾ നിരീക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മെന്‍റ് സംവിധാനം (വി.ടി.എഫ്.എം.എസ്) പൊളിച്ചടുക്കാൻ ഉദ്യോഗസ്ഥ-മാഫിയ ശ്രമം. ജി.പി.എസ് ഘടിപ്പിക്കലിന്‍റെ മൂന്നാംവട്ട ഉദ്ഘാടനം നടന്നത് ഏപ്രിൽ 28നാണ്. മേയ് 31നകം നടപടി പൂർത്തിയാക്കി വിതരണ വാഹനങ്ങളുടെ വരവും പോക്കും സുതാര്യമാക്കുമെന്നായിരുന്നു സപ്ലൈകോയുടെ അവകാശവാദം. എഫ്.സി.ഐ, സ്വകാര്യമില്ലുകളിൽ നിന്നും റേഷൻ വസ്തുക്കൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിക്കുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ നിരീക്ഷണത്തിലാക്കുന്നത്. പിന്നാലെ ഗോഡൗണുകളിൽ നിന്നും റേഷൻകടകളിലേക്ക് വാതിൽപടി വിതരണ കരാറുകളിൽ ഏർപ്പെട്ട വാഹനങ്ങളിലും ഇവ ഒരുക്കുമെന്നും അറിയിച്ചു. ജൂൺ ഒന്നു മുതൽ കൃത്യമായ നിരീക്ഷണത്തിലാവും വിതരണം നടത്തുകയെന്നും സപ്ലൈകോ സി.എം.ഡി എ.ഡി.ജി.പി ഡോ. സഞ്ജീവ് കുമാർ പട്‌ജോഷി വ്യക്തമാക്കിയിരുന്നു. എന്നാൽ റൂട്ട്മാപ്പ് ഇതുവരെ തയാറാക്കാനായിട്ടില്ല. ഉദ്യോഗസ്ഥ വീഴ്ചക്ക് എതിരെ അച്ചടക്ക നടപടിയുമായി രംഗത്തു വന്നിരിക്കുകയാണ് സപ്ലൈകോ. ഒപ്പം യുദ്ധകാലാടിസ്ഥാനത്തിൽ ഇത് തയാറാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

തുടർന്ന് ഇത് വി.ടി.എഫ്.എം.എസ് സോഫ്റ്റ്വെയറിൽ മാപ്പ് ചെയ്തുവെന്ന് സത്യവാങ്മൂലം നടത്തുവാനും നിർദേശമുണ്ട്. നടപടി പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയാണ് ശിപാർശ ചെയ്തിരിക്കുന്നത്. എ.എസ് 140 ഉപകരണമാണ് വാഹനനിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. കരാർ വാഹനങ്ങൾ കടന്നുപോകുന്ന മുഖ്യ റോഡുകളും ഉപറോഡുകളും അടക്കം ഇതിലൂടെ നിരീക്ഷിക്കാനാവും. ഗൂഗിൾമാപ്പ് ഉപയോഗിച്ച് തയാറാക്കിയ റൂട്ട്മാപ്പ് താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധിക്കണമെന്നായിരുന്നു നിർദേശം.

ഇതുകൂടാതെ അമിത ലോഡ്, വാഹനങ്ങൾ വഴിക്കിടെ മാറൽ, റോഡ്മാറി പോകൽ അടക്കം നിരീക്ഷിക്കാനാവും. റേഷൻ വസ്തുക്കൾ കരിഞ്ചന്തയിലേക്ക് പോകുന്നതും ഗോഡൗണുകളിൽ അമിത സ്റ്റോക്ക് അടക്കം കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥ അലംഭാവമാണ് ജി.പി.എസ് ഒരുക്കുന്നത് നീണ്ടുപോകാൻ കാരണം.

Tags:    
News Summary - To destroy the ration vehicle monitoring scheme The official-mafia alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.