മലപ്പുറം: ഇന്ത്യ കണ്ട വിപ്ലവകാരികളില്‍ ഒന്നാം നിരയിൽ നിൽക്കുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പോരാളി ബ്രിട്ടീഷുകാരുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിയായിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് തികയുന്നു. 1922 ജനുവരി 20ന് രാവിലെ പത്തിനാണ് പട്ടാള കോടതിയുടെ ഉത്തരവനുസരിച്ച് മലപ്പുറം കോട്ടക്കുന്നിൽ കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ച് കൊന്നത്. ആറുമാസം ഏറനാട്ടിൽ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ സ്വതന്ത്രരാജ്യം സ്ഥാപിച്ച് അതിന്റെ ഭരണാധികാരിയായിരുന്നു വാരിയൻകുന്നൻ.
വെടിവെച്ചു കൊന്ന ശേഷം ഹാജിയുടെ ഭൗതികശരീരവും അദ്ദേഹം സ്ഥാപിച്ച മലബാർ രാജ്യത്തിന്റെ രേഖകൾ സൂക്ഷിച്ച പെട്ടിയും ബ്രിട്ടീഷ് സൈന്യം കത്തിച്ചുകളഞ്ഞു. മഞ്ചേരിയില്‍നിന്ന് പത്ത് കിലോമീറ്റര്‍ കിഴക്കുള്ള നെല്ലിക്കുത്ത് സ്വദേശിയായിരുന്നു ചക്കിപ്പറമ്പന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 20ാം വയസ്സില്‍ തന്നെ മാപ്പിള സമരത്തിന്റെ നേതൃനിരയിലെത്തി. വിസ്മയകരമായ യുദ്ധതന്ത്രവും അനിതര സാധാരണമായ ഭരണപാടവവുംകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തെ മുന്നില്‍നിന്ന് നയിച്ചു. ആലി മുസ്ലിയാരുടെ ഭരണം 10 ദിവസമായിരുന്നെങ്കില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണം ആറുമാസം നീണ്ടു. ഈ ആറുമാസവും നിലക്കാത്ത പോരാട്ടങ്ങളിലൂടെ കൊളോണിയല്‍ ഭരണകൂടത്തെ വിറപ്പിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലായാണ് ഹാജിയുടെ ഭരണം നിലനിന്നിരുന്നത്. സ്വന്തമായി പാസ്പോർട്ടും നികുതി വ്യവസ്ഥയും അദ്ദേഹം ഏർപ്പെടുത്തി.
1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിലെ പോരാട്ടത്തിന് പിറകെ 21ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പൊലീസ് സ്റ്റേഷന് ആക്രമിച്ചു. പൊലീസുകാര്‍ ഓടി രക്ഷപ്പെട്ടു. ഹാജിയും കൂട്ടരും സ്റ്റേഷനിലെ തോക്കുകളും മറ്റും കൈവശപ്പെടുത്തി. പിന്നീട് പോരാട്ടങ്ങളുടെ നാളുകളായിരുന്നു. ഒമ്പത് മാസത്തോളം മാപ്പിള നാട്ടില്‍ ഭരണസ്തംഭനം നിലനിന്നു.
ഹാജിയെയും സംഘത്തെയും പിടികൂടാൻ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലുണ്ടായിരുന്ന മൂന്നിൽ ഒന്ന് സൈനികരെയും മലബാറിൽ വിന്യസിച്ചു. എന്നാൽ, ഫലം കണ്ടില്ല. ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് തലവൻ മോറിസ് വില്യംസും മാർഷൽ ലോ കമാൻഡന്റ് കേണൽ ഹംഫ്രിയും മലബാറിലെത്തി. ഹംഫ്രിയുടെ നേതൃത്വത്തിൽ വിവിധ പട്ടാള വിഭാഗം കമാൻഡർമാരുടെയും ഇന്റലിജൻസ് വിഭാഗത്തിന്റെയും യോഗം ചേർന്ന് 'ബാറ്ററി' എന്ന പേരിൽ പ്രത്യേക സേന രൂപവത്കരിച്ചു. തുടർന്നാണ് ചെമ്പ്രശ്ശേരി തങ്ങളെയും സീതി തങ്ങളെയും ഹാജിയെയും അറസ്റ്റ് ചെയ്യുന്നത്.
കാളികാവ് കല്ലാമൂലയിലെ ചിങ്കല്ലിന് സമീപത്തെ ഒളിത്താവളം വളഞ്ഞ ബാറ്ററി സ്പെഷൽ കമാൻഡോസ് വാരിയൻകുന്നനെ നമസ്കാരത്തിനുള്ള തയാറെടുപ്പിനിടെ ചതിയിൽ കീഴ്പ്പെടുത്തുകയായിരുന്നു. ധീരരക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ അദ്ദേഹത്തിന്റേതെന്ന് കരുതുന്ന ചിത്രമടക്കം നിരവധി ചരിത്രരേഖകളാണ് വെളിച്ചത്തുവന്നത്. മലബാർ പോരാട്ടത്തിന്റെ വിവിധ ഭാഗങ്ങൾ പരാമർശിക്കുന്ന ഒരുപിടി രചനകൾ അനുകൂലിച്ചും പ്രതികൂലിച്ചും പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.