പുലിപ്പേടിയിൽ പിഞ്ചുകുട്ടികൾ: മനുഷ്യാവകാശ കമീഷൻ ഇടപെട്ടു

തിരുവനന്തപുരം: ചുറ്റുമതിൽ ഇല്ലാത്തതു കാരണം പുലിപ്പേടിയിൽ കഴിയുന്ന പൊൻമുടി ഗവ. യു.പി.എസിലെ 42 കുട്ടികളുടെയും എട്ടു അധ്യാപകരുടെയും ആശങ്കയിൽ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. തിരുവനന്തപുരം കലക്ടർ പരാതി പരിശോധിച്ച് മൂന്ന് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്കൂളിന് 2.25 ഏക്കർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ വനം വകുപ്പിന്റെ കണക്കിൽ 48 സെന്റ് മാത്രമാണുള്ളത്. സ്കൂൾ നിർമിച്ചപ്പോൾ രണ്ടുവശത്ത് മാത്രം മതിൽ നിർമിച്ചു. ബാക്കി രണ്ടു വശത്തും കാട് വളർന്ന് സ്കൂളിലേക്ക് കയറി.

ഇവിടം തങ്ങളുടെ സ്ഥലമാണെന്നും മതിൽ കെട്ടാനാകില്ലെന്നും വനം വകുപ്പ് പറയുന്നു. എന്നാൽ വില്ലേജ് റെക്കോർഡിൽ രണ്ടേകാൽ ഏക്കർ സ്ഥലം സ്കൂളിനുണ്ട്. സ്കൂളിന് സമീപമുള്ള അടിക്കാടെങ്കിലും വെട്ടിയില്ലെങ്കിൽ പതുങ്ങിയിരിക്കുന്ന പുലി ചാടി വീഴുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. സ്കൂളിലെ പാചകകാരി പുലിയെ കണ്ടിട്ടുണ്ട്. ചെന്നായയും കാട്ടാനയും സ്കൂളിലെ സ്ഥിരം സന്ദർശകരാണ്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് പോലും പേടി കൂടാതെ പുറത്തിറങ്ങാനാവില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 

Tags:    
News Summary - Toddlers in tiger cages: Human Rights Commission intervenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.