തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തുടർ നടപടികൾ പൊലീസിന് സ്വീകരിക്കാമെന്നും പൊലീസിന് ഇക്കാര്യത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.പി.എം നേതാവ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒത്തുകളിക്കുന്നുവെന്ന് പറയാനില്ല. എന്തുകൊണ്ട് അറസ്റ്റ് വൈകുന്നു എന്ന കാര്യം പൊലീസിനോട് ചോദിക്കണം. ദിവ്യയുടെ കാര്യത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നു പറഞ്ഞ ടി.പി. രാമകൃഷ്ണൻ അവരെ ഒളിവിൽ പോകാൻ പാർട്ടി സഹായിച്ചുവെന്ന ആരോപണം തള്ളി.
“ദിവ്യയുടെ കാര്യത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ പാർട്ടി തീരുമാനിച്ചതു പ്രകാരമാണ് ദിവ്യ രാജിവെച്ചത്. പാർട്ടി നിലപാട് ഇന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ദിവ്യയും ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യക്കെതിരെ കൂടുതൽ പാർട്ടി നടപടി വേണോ എന്ന കാര്യത്തിൽ കണ്ണൂർ ഘടകം തീരുമാനമെടുക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ തുടർ നടപടികൾ പൊലീസിന് സ്വീകരിക്കാം” -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
നേരത്തെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ഹരജി പരിഗണിച്ചത്. ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടർന്ന് ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.