ന്യൂഡൽഹി: ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന ഉത്തരവിൽ വ്യക്തത തേടി അപേക്ഷ നൽകിയ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജിയും സമർപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടിക്കായി സെൻകുമാർ സമർപ്പിച്ച ഹരജി ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാറിെൻറ നീക്കം.
വ്യക്തത തേടി സമർപ്പിച്ച അപേക്ഷയിൽ ഉന്നയിച്ച വാദങ്ങൾ നിരത്തിയാണ് പുനഃപരിശോധനാ ഹരജി വേറെയും സമർപ്പിച്ചത്. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നേരത്തെ നിയമിച്ചിട്ടില്ലെന്നും അതിനാല്‍ കോടതി നിർദേശിച്ച പുനര്‍നിയമനം നല്കുമ്പോള് ഏത് പദവിയാണ് നല്‍കേണ്ടതെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. 2015 മേയ് 22ന് അന്നത്തെ യു.ഡി.എഫ് സർക്കാർ സെൻകുമാറിനെ നിയമിച്ചത് ഡയറക്ടർ ജനറൽ ഒാഫ് പൊലീസ് ആൻഡ് ഹെഡ് ഒാഫ് പൊലീസ് ഫോഴ്സ് എന്ന പദവിയിലാണ്.
കേരള പൊലീസ് നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം ഇങ്ങനെയൊരു പദവിയില്ല. ഡി.ജി.പി ആൻഡ് സ്റ്റേറ്റ് പൊലീസ് ചീഫ് എന്നാണ് പദവിയുടെ പേര്. പൊലീസ് നിയമത്തിലെ 18-ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരുന്നില്ല സെൻകുമാറിെൻറ നിയമനം. ലോക്നാഥ് ബെഹ്റയെ നിയമിച്ചത് ഡി.ജി.പി ആൻഡ് സ്റ്റേറ്റ് പൊലീസ് ചീഫ് എന്ന പദവിയിലാണ്. നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വിധി പുറപ്പെടുവിക്കുമ്പോൾ കോടതി പരിഗണിച്ചില്ല. അതിനാൽ ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സെൻകുമാറിെൻറ സ്ഥലംമാറ്റത്തിന് പുറമേ ലോക്നാഥ് ബെഹ്റയെ ഡി.ജി.പിയായി നിയമിച്ചതും ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതും എൻ. ശങ്കർ റെഡ്ഡിയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതും 2016 ജൂൺ ഒന്നിലെ ഉത്തരവിലാണ്. ഇൗ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയതെന്നും അതുകൊണ്ട് കോടതിവിധി മറ്റ് നിയമനങ്ങളെ ബാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വേണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.