മുന്നണികളുടെ പരമ്പരാഗത വോട്ടും ബി.ജെ.പിയിലേക്ക് ചോർന്നു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ഇടതിന്‍റെയും യു.ഡി.എഫിന്‍റെയും പരമ്പരാഗത വോട്ടുകളിൽ ഒരു ഭാഗം ബി.ജെ.പിയിലേക്ക് മറിഞ്ഞു. ബി.ജെ.പി. ഒന്നാമതെത്തിയ 11 നിയമസഭ മണ്ഡലങ്ങളും നിലവിൽ ഇടതുപക്ഷ എം.എൽ.എമാരോ മന്ത്രിമാരോ പ്രതിനിധാനംചെയ്യുന്നവയാണ്. നിയമസഭയിൽ നേമം ഒഴികെ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് യു.ഡി.എഫായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ആറിടത്ത് ഇടതു മുന്നണിയും അഞ്ചിടത്ത് യു.ഡി.എഫുമാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ബി.ജെ.പി രണ്ടാമതെത്തിയ എട്ടു നിയമസഭ മണ്ഡലങ്ങളിൽ ഇടതു മുന്നണിയാണ് മൂന്നാം സ്ഥാനത്ത്. ഈഴവ, ദലിത് വോട്ടുകളിൽ ഒരു ഭാഗം ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് അനുകൂലമായി.

ആറു ലക്ഷം വോട്ട് യു.ഡി.എഫിന് കുറഞ്ഞു; ഇടതിന് നാലു ലക്ഷവും

കഴിഞ്ഞ ലോക്സഭയുമായി താരതമ്യപ്പെടുത്തിയാൽ ആറു ലക്ഷം വോട്ട് യു.ഡി.എഫിന് കുറഞ്ഞു. നാലു ലക്ഷത്തോളം വോട്ട് ഇടതിനും. പോളിങ് കുറഞ്ഞിട്ടും ആറര ലക്ഷം വോട്ടാണ് ബി.ജെ.പിക്ക് വർധിച്ചത്. ഇടതിന് വലിയ കരുത്തുള്ള ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങളിൽ ഈഴവ വോട്ടുകൾ പതിവ് രീതി വിട്ട് മാറി.

ഈഴവ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥികൾ മത്സരിച്ച ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാണു നടന്നത്. യു.ഡി.എഫിലെ അടൂർ പ്രകാശ് ജയിച്ചത് വെറും 684 വോട്ടിനാണ്. 16,272 വോട്ടിന്‍റെ കുറവ് മാത്രമാണ് മൂന്നാം സ്ഥാനത്ത് വന്ന കേന്ദ്ര മന്ത്രി വി. മുരളീധരനുണ്ടായത്. കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രൻ നേടിയതിനെക്കാൾ 63,698 വോട്ട് അധികം നേടിയ മുരളീധരൻ സി.പി.എം ശക്തികേന്ദ്രങ്ങളായ ആറ്റിങ്ങലിലും കാട്ടാക്കടയിലും ഒന്നാമതായി.


ആലപ്പുഴയിൽ ബി.ജെ.പിക്ക് വോട്ടുവിഹിതം കൂടി

ആലപ്പുഴയിലെ കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിൽ ഇടതുപക്ഷം ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പോയതിലും ഈ മാറ്റം പ്രകടമാണ്. അവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. അമ്പലപ്പുഴയിൽ 110ഉം കരുനാഗപ്പള്ളിയിൽ 191 ഉം വോട്ട് മാത്രമാണ് രണ്ടാമതുള്ള എ.എം. ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ള വ്യത്യാസം. എസ്.എൻ.ഡി.പി, ധീവര, ദലിത് വിഭാഗ വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞു. ശോഭ 1,13,370 വോട്ടാണ് അധികം നേടിയത്. പാർട്ടി വോട്ട് വിഹിതം 18ൽ നിന്ന് 30 ശതമാനത്തിലേക്ക് ഉയർന്നു.

തിരുവനന്തപുരത്ത് ആറിടത്ത് സി.പി.എം മൂന്നാം സ്ഥാനത്ത്

ശശി തരൂർ കഷ്ടിച്ച് ജയിച്ച തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ പാറശ്ശാല ഒഴികെ ആറിടത്തും ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ്. മന്ത്രി വി. ശിവൻകുട്ടിയുടെ നേമം, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ കഴക്കൂട്ടം, വി.കെ. പ്രശാന്തിന്‍റെ വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനം നേടിയപ്പോൾ തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനം പിടിച്ചു. ഇവിടെയെല്ലാം ഇടതുപക്ഷം മൂന്നാമതായി. മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവരുടെ ബൂത്തുകളിൽ പോലും ബി.ജെ.പിയാണ് മുന്നിൽ. ഇടത് സ്ഥാനാർഥി മൂന്നാമതും.

18 ലോക്സഭ മണ്ഡലങ്ങളിലും ബി.ജെ.പി മുന്നണി വോട്ട് വിഹിതം കൂട്ടി

20 ലോക്സഭ മണ്ഡലങ്ങളിൽ 18ലും ബി.ജെ.പി മുന്നണി വോട്ട് വിഹിതം വർധിപ്പിച്ചു. ചാലക്കുടിയിലും (47,759 വോട്ട്) പത്തനംതിട്ടയിലും (62,990 വോട്ട്) മാത്രമാണ് വോട്ട് കുറഞ്ഞത്. ജയിച്ച തൃശൂരിൽ 1,18,516 വോട്ടാണ് അധികം കിട്ടിയത്. ആലപ്പുഴയിൽ 1,13,370 വോട്ടും ആലത്തൂരിൽ 98,393 വോട്ടും കൊല്ലത്ത് 59,871 വോട്ടും അധികം നേടി. രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്ത് 25,936 വോട്ട് മാത്രമേ കൂടുതൽ പിടിച്ചിട്ടുള്ളൂ. 

Tags:    
News Summary - traditional votes of UDF and LDF to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.