കോഴിക്കോട്: പാലുൽപാദനത്തിൽ സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാൻ കർഷകർക്ക് പതിനായിരം കന്നുകാലികളെ വാങ്ങിനൽകാൻ പദ്ധതി. ക്ഷീരവികസന വകുപ്പിന്റെ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾ മുഖേനെയാണ് നടപ്പാക്കുക. സബ്സിഡി നിരക്കിൽ കർഷകർക്ക് പശുക്കളെ വാങ്ങിനൽകും.
തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളോട് ‘കറവപ്പശുക്കളെ വാങ്ങൽ പദ്ധതി’ഈ വർഷത്തെ ഉൽപാദന മേഖലയിൽ നിർബന്ധമായി ഉൾപ്പെടുത്താൻ നിർദേശിച്ച് തദേശ വകുപ്പ് ഉത്തരവിറക്കി. കേരളത്തിന് ആവശ്യമുള്ള പാലിന്റെ അളവിനേക്കാൾ 7.71 ലക്ഷം മെട്രിക് ടണിന്റെ കുറവാണ് നിലവിലെ ഉൽപാദനത്തിലുള്ളത്.
ഇത് അടിയന്തരമായി പരിഹരിക്കുക ലക്ഷ്യമിട്ടാണ് സമയബന്ധിതമായി കറവപ്പശുക്കളെ വാങ്ങി നൽകുന്ന പദ്ധതി തയാറാക്കിയത്. ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനായിരം കന്നുകാലികളെ ഇതര സംസ്ഥാനങ്ങളിൽനിന്ന് അധികമായി എത്തിക്കാനാണ് തീരുമാനിച്ചത്.
പാൽ ഉൽപാദനത്തിൽ മുൻപന്തിയിലുള്ളതും ക്ഷീര മേഖലയിൽ മികവ് പുലർത്തുന്നതുമായ അമ്പത് ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീര വികസന യൂനിറ്റുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വർഗഗുണമുള്ളതും ഉൽപാദന ശേഷിയുള്ളതുമായ ജേഴ്സി, എച്ച്.എഫ് ഇനങ്ങളിൽപ്പെട്ട നൂറുവീതം കന്നുകുട്ടികളെ വാങ്ങി ഫാമുകളിൽ വളർത്തി ഒരുവർഷം പ്രായമാകുമ്പോൾ കർഷകർക്ക് സർക്കാർ ഫാമുകളിലെ വിലക്ക് നൽകുന്നതിന് ജില്ല പഞ്ചായത്തുകൾക്കും തദേശ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.