ഷൊർണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിൽ എത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നേ കാലോടെ കോഴിക്കോട്ട് നിന്നു പുറപ്പെട്ട് വൈകീട്ട് മൂന്നരയോടെയാണ് പ്രതിയെ ഷൊർണൂരിലെത്തിച്ചത്. അതീവ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
തുടർന്ന് റെയിൽവേ സ്റ്റേഷനിൽനിന്നു ഒരു കി.മീ അകലെയുള്ള പെട്രോൾ പമ്പിലേക്ക് തെളിവെടുപ്പിനായി എത്തിച്ചു. ഇവിടെ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റർ പെട്രോൾ വാങ്ങിയതെന്നാണ് ഷാറൂഖ് സെയ്ഫി മൊഴി നൽകിയത്. പമ്പിലെ മാനേജറുടെ ക്യാബിനിലെത്തിച്ച് അവരുടെയടക്കം മൊഴിയെടുക്കുകയും ജീവനക്കാരെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്തു.
വൈകീട്ട് നാല് വരെയായിരുന്നു പെട്രോൾ പമ്പിലെ തെളിവെടുപ്പ്. തുടർന്ന് പമ്പിൽ നിന്നു പ്രതിയെ കേസിലെ മറ്റൊരു പ്രധാന കേന്ദ്രമായ റെയിൽവേ സ്റ്റേഷനിലെത്തിച്ചും പൊലീസ് തെളിവെടുത്തു. പ്രതിയെ റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ എത്തിച്ച ശേഷം മറ്റൊരിടത്തേക്ക് കൊണ്ടുപോയി. റെയിൽവേ സ്റ്റേഷനിലേക്കെത്തിക്കുന്ന സമയം ചില നാടകീയ നീക്കങ്ങളും ഉണ്ടായി.
ആദ്യം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കെത്തിയ പൊലീസ്, പിന്നീട് തിരികെ പോയി. തുടർന്ന് ഒന്ന് കറങ്ങിയശേഷം വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. സംഭവം നടന്ന ഏപ്രിൽ രണ്ടിന് പുലർച്ചെ അഞ്ചിനാണ് ഷാറൂഖ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. പിന്നീട് വൈകീട്ട് പെട്രോൾ പമ്പിലെത്തി ഇന്ധനം വാങ്ങി. ഈ ദിവസം 15 മണിക്കൂറോളം സെയ്ഫി ഷൊർണൂരിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
തുടർന്നാണ് ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സിക്യുട്ടീവ് എക്‌സ്പ്രസിൽ കയറിയതും വഴിമധ്യേ യാത്രികർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.