ട്രെയിനിൽ കേരളത്തിലെത്തുന്നവർ പാസെടുക്കണം

ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് ട്രെയിന്‍ വഴി കേരളത്തിൽ എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കി സംസ്ഥാന സർക്കാർ. മറ്റ് മാര്‍ഗങ്ങള്‍ വഴി കേരളത്തിലെത്താൻ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം. പാസില്ലാതെ സംസ്ഥാനത്തെത്തുന്നവർ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റീന് വിധേയമാകണമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. 

റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിന് വേണ്ടി കോവിഡ്19 ജാഗ്രത പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. മുൻപ് അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽ മാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാനും സൗകര്യമുണ്ടാകും.

ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ 'കോവിഡ്19 ജാഗ്രത' പോർട്ടലിൽ രേഖപ്പെടുത്തണം. ഇറങ്ങുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങളില്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റീനിൽ പ്രവേശിക്കണം. ഇത് പാലിക്കാത്തവരെ നിർബന്ധമായി സർക്കാർ ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. 

റെയില്‍വെ സ്റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറന്‍റീൻ സ്വീകരിക്കുകയും വേണം. റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.

എവിടെയും രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും ആളുകള്‍ സംസ്ഥാനത്ത് എത്തുന്നത് ക്വാറന്‍റീൻ അടക്കമുളള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എ.സി കോച്ചുകളിലെ യാത്രയും വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - train travellers must take travel pass- kerala govt- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.