തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ തനത് ഫണ്ടും പദ്ധതി-പദ്ധതിയേതര ഫണ്ടും ട്രഷറികളിലേക്ക് മാറ്റി നിക്ഷേപിച്ചതോടെ സർക്കാറിന്റെ ട്രഷറി നിയന്ത്രണം സർവകലാശാലകളുടെ അക്കാദമിക്-ഗവേഷണ മേഖലകളിൽ തിരിച്ചടിയായി. ട്രഷറിയിൽനിന്ന് പണം അനുവദിച്ചില്ലെങ്കിൽ നിശ്ചിത കാലയളവിനുള്ളിൽ പൂർത്തിയാക്കേണ്ട വിവിധ ഗവേഷണ പദ്ധതികൾ സർവകലാശാലകൾക്ക് ഉപേക്ഷിക്കേണ്ടി വരും. ഇക്കൂട്ടത്തിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും യു.ജി.സിയുടെയും സാമ്പത്തിക സഹായം ലഭിച്ച പദ്ധതികളും ഉൾപ്പെടുന്നു. സർവകലാശാലകൾ പെൻഷൻ ഫണ്ടിനുവേണ്ടി മാറ്റിവെച്ചിരുന്ന തുകയും ട്രഷറികളിലേക്ക് ഇതിനകം മാറ്റിയിട്ടുണ്ട്.
കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകളുടെ ആരംഭം മുതൽ സർക്കാർ അനുമതിയോടെ സ്റ്റേറ്റ് ബാങ്കിൽ സൂക്ഷിച്ചിരുന്ന ആയിരം കോടിയോളം രൂപയുടെ സർവകലാശാല ഫണ്ട് ഈ സാമ്പത്തിക വർഷാദ്യം ട്രഷറിയിലേക്ക് മാറ്റിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായിരുന്നു ഈ നടപടി. ഇതാണിപ്പോൾ ട്രഷറി നിയന്ത്രണം വന്നതോടെ സർവകലാശാലകൾക്ക് ഒന്നടങ്കം കുരുക്കായത്. സർവകലാശാലകൾക്ക് വിവിധ അക്കാദമിക് പ്രോഗ്രാമുകൾക്ക് പദ്ധതിവിഹിതമായി ലഭിച്ച തുക മാറ്റാനാണ് ഇപ്പോൾ നിർദേശം നൽകിയത്. സർവകലാശാലകളുടെ സാമ്പത്തിക സ്വാതന്ത്ര്യം സർക്കാർ നിയന്ത്രിക്കുന്ന നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇത് അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടാനും സർവകലാശാലകളെ സർക്കാർ വകുപ്പുകളാക്കി മാറ്റുമെന്നുമാണ് ആക്ഷേപം.
സർവകലാശാലകൾക്ക് അക്കാദമിക് തലത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതിനാൽ ഫണ്ട് പിൻവലിക്കുന്നതിൽ നിയന്ത്രണം പാടില്ലെന്ന് ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർക്കും, മുഖ്യമന്ത്രിക്കും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
സർവകലാശാല പദ്ധതി വിഹിതം ട്രഷറിയിൽ തിരിച്ചടപ്പിക്കാനുള്ള തീരുമാനം ഗവേഷണ മേഖലയെ നിശ്ചലമാക്കുമെന്ന് കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്തഃസത്ത തിരിച്ചറിയാതെ കച്ചവടപരമായി മാത്രം സമീപിക്കാനുള്ള ധനമന്ത്രിയുടെ നീക്കം കേരളത്തെ പിറകോട്ടടിപ്പിക്കും. ധനവകുപ്പിന്റെ ഉത്തരവ് മന്ത്രിയുടെ കാഴ്ചപ്പാടില്ലായ്മയുടെയും സർക്കാറിന്റെ കെടുകാര്യസ്ഥതയുടെയും തെളിവാണെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.