തിരുവനന്തപുരം: വാർഷിക പദ്ധതി ലക്ഷ്യം നേടിയില്ലെങ്കിലും വലിയ ആഘാതമില്ലാതെ ട്രഷറി സാമ്പത്തിക വർഷത്തിന്റെ അവസാനദിനം കടന്നുകൂടി. മൊത്തം വിനിയോഗം 90 ശതമാനത്തിലെത്തി. മാർച്ചിൽ മാത്രം 20,000 കോടി രൂപ ചെലവായി. വെള്ളിയാഴ്ച രാത്രി 12 വരെ ട്രഷറി പ്രവർത്തിക്കുന്നതിനാൽ അന്തിമ കണക്ക് വന്നിട്ടില്ല. അതേസമയം സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. ഇത്ര സാമ്പത്തിക ബുദ്ധിമുട്ട് മുമ്പൊരിക്കലും നേരിട്ടിട്ടില്ല. 40,000 കോടിയുടെ കുറവാണ് വന്നത്. കേന്ദ്രത്തിന്റെ സമീപനംമൂലം ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുമോ എന്ന് ഭയന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് 97 ശതമാനം ഫണ്ട് നൽകി.
സംസ്ഥാനത്തിന്റെ ആകെ പദ്ധതി 39,640 കോടിയുടേതാണ്. സർക്കാറിന്റെ പദ്ധതി നിരീക്ഷണ സംവിധാനമായ പ്ലാൻസ്പെയ്സിൽ വൈകീട്ടുവരെ 73.89 ശതമാനമാണ് വിനിയോഗം കാണിച്ചത്. 22,322 കോടിയുടെ സംസ്ഥാന പദ്ധതിയിൽ 69.88 ശതമാനവും തദ്ദേശ സ്ഥാപനങ്ങളുടെ 8048 കോടിയിൽ 87.95 ശതമാനവും കേന്ദ്ര സഹായമുള്ള പദ്ധതികളിലെ 9270.19 കോടിയിൽ 71.36 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ കണക്ക് വരുമ്പോൾ ഇനിയും ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.