അടിമാലിയിൽ സ്വകാര്യ ബസിന് മുകളിലേക്ക് വീണ മരം

ഓടുന്ന ബസിന് മുകളിൽ വൻമരം കടപുഴകി, മുൻ വശം തകർന്നു; വൻ ദുരന്തം തലനാരിഴക്ക് ഒഴിവായി

അടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ വൻ മരം കടപുഴകി. വൻ ദുരന്തം തലനാരിഴക്ക് ഒഴിവായി. അടിമാലി -കുമളി ദേശീയപാതയിൽ അടിമാലി ടൗണിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് രാജാക്കാട് - തൊടുപുഴ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന് മുകളിലാണ് വൻമരം വീണത്.

ബസിന്റെ മുൻഭാഗം തകർന്നു. ഗ്ലാസ് പൊട്ടി വീണതിനെ തുടർന്ന് രാജകുമാരി സ്വദേശിനി ഷീല(38)ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. 50ഓളം യാത്രക്കാരുമായി വന്ന സർവിസ് ബസ് ആണ്. ചെറിയ വ്യത്യാസത്തിലാണ് വൻ ദുരന്തം വഴിമാറിയത്.

വൈദ്യുതി ലൈനിന് മുകളിലായതിനാൽ വലിയ ശബ്ദം ഉണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ടാഴ്ച മുൻപ് ഇതേ മരത്തിന്റെ ശിഖരം ഓട്ടോക്ക് മുകളിൽ ഒടിഞ്ഞുവീണിരുന്നു. അന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈ സമയം മരം മുറിച്ച് മാറ്റാൻ ആവശ്യം ഉയർന്നിരുന്നെങ്കിലും മരത്തിന് കുഴപ്പമില്ലെന്ന നിഗമനത്തിൽ വെട്ടിമാറ്റിയിരുന്നില്ല. 100 ഇഞ്ചിന് മുകളിൽ വലുപ്പമുള്ള വൻമരമാണിത്. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾ പാലിക്കാത്തതാണ് പ്രശ്നത്തിന് കാരണം. അടിമാലി സർക്കാർ സ്കൂളിലും ഇത്തരത്തിൽ നിരവധി മരങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്.

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാളറ മുതൽ നേര്യമംഗലം വരെ വനമേഖലയിലും ഇത്തരത്തിൽ ധാരാളം മരങ്ങൾ അപകടാവസ്ഥയിലുണ്ട്. ദിവസവും മരം വീണ് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെടുന്നുണ്ട്. അടുത്തിടെ നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചിരുന്നു.

Tags:    
News Summary - Tree fell on private bus in Adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.