അഗളി: ആദിവാസി ഭൂമി പ്രശ്നം സംബന്ധിച്ച് വാർത്ത നൽകിയാൽ പൊതുശല്യം എന്ന പേരിൽ കേസെടുക്കാൻ അട്ടപ്പാടി ജനാധിപത്യ പ്രദേശമല്ലേയെന്ന് വട്ടലക്കി ആദിവാസി ഫാമിലെ ടി.ആർ ചന്ദ്രൻ. 'മാധ്യമം ഓൺലൈനി'ൽ വന്ന വാർത്തക്കെതിരെ അഗളി പൊലീസ് കേസ് എടുത്തത് സംബന്ധിച്ച് ഫേസ്ബുക്കിലാണ് ആരോഗ്യ വകുപ്പിലെ മുൻ ജീവനക്കാരനായ അദ്ദേഹം പ്രതികരിച്ചത്.
അട്ടപ്പാടി ഇന്ത്യയിൽ അല്ലേ, കേരളത്തിൽ അല്ലേ, ഒരു പക്ഷെ പാകിസ്താനിൽ ആയിരിക്കുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ ഈ ആക്റ്റ് (2011 ലെ കെപി. ആക്ട് 120 (0) ) ഉപയോഗിച്ച് കേസെടുത്താൽ ഇന്ത്യയിലും, കേരളത്തിലും ഒരു പത്രവും, രാവിലെ വീടുകളിൽ എത്തില്ല.
അട്ടപ്പാടി ആദിവാസി ഭൂമി പ്രശ്നം തീർക്കാൻ ഇടത് വലത് പക്ഷ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കില്ല. കാരണം ആദിവാസികൾ അല്ലാത്തവരുടെ വോട്ട് കിട്ടില്ല. അവരുടെ കൈക്കൂലി കിട്ടില്ല. അവരെ സുഖിപ്പിക്കാൻ കാണിക്കുന്ന വ്യഗ്രതയാണ് ഇത്. ആദിവാസി കുട്ടികൾ പോഷകാഹാര കുറവ് മൂലം മരണമടയുന്നു. സിക്കിൾ സെൽ അനീമിയ ( അരിവാൾ രോഗം) കൂടുന്നു. സൗജന്യങ്ങൾ നൽകി ആദിവാസിയെ മന:പൂർവം ഭൂമിയിൽ നിന്ന് അകറ്റുന്നു.
കള്ളരേഖകൾ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്നു. കള്ള പട്ടയം ഉണ്ടാക്കുന്ന ഫാക്ടറി തന്നെ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നു. മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫിസിൽ നടന്ന രജിസ്ട്രഷനിൽ ഒപ്പ് പരിശോധിച്ചാൽ തന്നെ ഒറ്റനോട്ടത്തിൽ മനസിലാകും. എല്ലാ ആദിവാസികളും ഒരുപോലെ ഒപ്പിടുന്നു. കൈ വിരൽ വെച്ച് നടന്നവർ ഒരു സുപ്രഭാതത്തിൽ ഡിഗ്രിക്കാർ ആയി എന്നു ചുരുക്കം.
ആദിവാസിയെ നന്നാക്കാൻ വേണ്ടി രണ്ട് നിയമം നിയമസഭ പാസാക്കി. 1975ൽ പാസാക്കിയ നിയമം അട്ടിമറിക്കാൻ 1999ൽ പുതിയ നിയമം കൊണ്ടുവന്നു. ആദിവാസി ഭൂമി ആദിവാസി അല്ലാത്തവർക്ക് കൊടുക്കാൻ ആദിവാസി യുടെ പേരിൽ ഒരു നിയമമാണിത്.
സംസ്ഥാന സർക്കാർ സുപ്രീം കോടതിയെയും പറഞ്ഞ് വിശ്വസിപ്പിച്ചു. ആദിവാസിക്ക് വേണ്ടി വാദിക്കേണ്ട, നിയമം ഉണ്ടാക്കിയ സർക്കാർ തന്നെ മറ്റുള്ളവർക്ക് വേണ്ടി വാദിച്ചു. ആദിവാസികൾക്ക് വേണ്ടി ഹാജരായ എൻ.ജി.ഒ വക്കീലന്മാർ മലയോര പുത്രമാർക്ക് വേണ്ടി വാദിച്ചു (മലയോര പുത്രന്മാർ ആദിവാസി അല്ല). അങ്ങനെ 1975ലെ നിയമം വീണു.
എന്നാലും നിയമത്തിന്‍റെ വാലിൽ കുറച്ച് ജീവനുള്ളതുകൊണ്ട് ഇങ്ങനെ പത്രത്തിലൊക്കെ വാർത്ത വരുന്നു. അത് തെറ്റ് എന്ന് പറയാൻ ആർക്കും കഴിയില്ല. 1999ലെ നിയമപ്രകാരം അഞ്ചേക്കറിൽ കൂടുതൽ ഭൂമി നഷ്ടപ്പെട്ട 36 കേസിൽ വിധി ആയി. അതിൽ ഒന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. അത് പോലും നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ വൻ പരാജയമല്ലേ?
ഭരണഘടനാ ലംഘനം നടത്തുന്ന സർക്കാറിനെ പിരിച്ച് വിടാൻ സമയം അതിക്രമിച്ചിരിക്കുന്നു. സി.പി.ഐ മന്ത്രിയുടെ പേരിൽ പോലും കള്ള രേഖകൾ ഉണ്ടാക്കാൻ കഴിഞ്ഞ രാഷ്ട്രീയ, ഉദ്യോഗസ്ഥന്മാർ ഇവിടെയുള്ളപ്പോൾ അട്ടപ്പാടിയിൽ എന്തും സംഭവിക്കും? ഡോ. ആർ. സുനിൽ എഴുതിയത് പച്ചയായ സത്യം, സത്യം, സത്യം. ആദിവാസിയുടെ പച്ചയായ ജീവിതം. കത്തിത്തീരുന്ന ജീവിത കരിക്കട്ടകൾ. ഒരു ആഗ്രഹം മാത്രമേ ആദിവാസിക്ക് ഉള്ളൂ. അത് സ്വന്തം മണ്ണിൽ കിടന്ന് മരിക്കാനുള്ള അവകാശം - ടി.ആർ. ചന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.