ആദിവാസി ഭൂമി കൈയേറ്റം: അട്ടപ്പാടി സന്ദർശിച്ച് വസ്തുതാന്വേഷണം നടത്തുമെന്ന് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്

കൊച്ചി: അട്ടപ്പാടി സന്ദർശിച്ച് ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെക്കുന്നത്  സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തുമെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്. ദിവാസികൾ ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിക്ക് സമർപ്പിച്ച രേഖാമൂലമുള്ള പരാതിയുടെ പശ്ചാത്തലത്തിൽ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ പാലക്കാട് ലീഗൽ സർവീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം അന്വേഷണം നടക്കുകയാണ്. അതിനിടെ പൊലീസിന്റെയും ഗുണ്ടകളുടെയും കരുത്തിൽ ഭൂമാഫിയ ആദിവാസി മേഖലയിലെ ഭൂമിയിൽ ഇപ്പോൽ നടത്തിക്കൊണ്ടിരിക്കുന്ന കമ്പിവേലി കെട്ടിത്തിരിക്കൽ നിയമവാഴ്ചയുടെ പരസ്യമായ ലംഘനമാണ്.

ഹൈകോടതി തീരുമാനം ഉണ്ടാകുന്നതുവരെ ഈ മേഖലയിൽ അനധികൃത ഇടപെടലുകൾ തടയാൻ പാലക്കാട് കലക്ടർ അടിയന്തരമായി ഇടപെടണമെന്നും ഹ്യൂമന് റൈറ്റ്സ് മൂവ്മെന്റ് ആവശ്യപ്പെട്ടു. ആദിവാസി മേഖലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൈയേറ്റങ്ങളെ സംബന്ധിച്ച് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്ന റിപ്പോർട്ട് ഉദ്യോഗസ്ഥതലത്തിലുള്ള ഒന്നായിരിക്കും. അതിനാൽ ഈ റിപ്പോർട്ടിൽ അട്ടിമറി സാധ്യതയുണ്ടാകുമെന്ന് ആദിവാസികൾക്ക് ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്, ഈ വിഷയത്തിൽ വസ്തുതാപരമായ അന്വേഷണം നടത്തുവാൻ തീരുമാനിച്ചു.

അട്ടപ്പാടിയിലെ വിവാദഭൂമിയിൽ എത്തി അന്വേഷണം നടത്തി റിപ്പോർ തയാറാക്കുന്നതിനായി പ്രഫ.ഡോ. കെ.പി. ശങ്കരൻ, ബോബി തോമസ്, ഉഷാദേവി, കെ.ഡി. മാർട്ടിൻ, ടി.എസ്. രാജീവ്, എൻ.എം. നാസർ എന്നിവർ അടങ്ങിയ അന്വേഷണ സംഘത്തെ ഐ.എച്ച്.ആർ.എം സംസ്ഥാന കമ്മിറ്റിയോഗം ചുമതലപ്പെടുത്തി. ഹൈകോടതിക്കു മുന്നിൽ ജനകീയ അന്വേഷണ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനും തീരുമാനിച്ചു.

ജൂലൈ നാല്, അഞ്ച് തിയതികളിൽ അന്വേഷണ സംഘം അട്ടപ്പാടിയിലെത്തി മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ആദിവാസി ഊരുകളും കൈയേറ്റ ഭൂമിയും സന്ദർശിച്ച് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് തയാറാക്കാൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചുവെന്ന് ജനറൽ സെക്രട്ടറി പി.എ. ഷാനവാസ് അറിയിച്ചു.

Tags:    
News Summary - Tribal land scam: Human Rights Movement to visit Attapadi and conduct fact-finding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.