കോഴിക്കോട്: തിരുവല്ല നഗരസഭ ഓഫിസിൽ ജോലിക്കിടെ റീൽ ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയ നൽകിയ സംഭവത്തിൽ പ്രതികരിച്ച് കലക്ടർ ബ്രോ എന്ന് അറിയപ്പെടുന്ന എൻ. പ്രശാന്ത് ഐ.എ.എസ്. സർക്കാർ ഉദ്യോഗസ്ഥർ തയാറാക്കിയ റീൽ ഏറെ നിലവാരം പുലർത്തുന്നതാണെന്ന് എൻ. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലി സമയത്തും ജോലിയുടെ പേരിലും ജോലി സ്ഥലത്തും അല്ലാതെയും ചെയ്ത് കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യമാണിത്. അസൂയ, കുശുമ്പ്, പുച്ഛം എന്നിവ മലയാളി ഗുണത്രയങ്ങളെന്നും എൻ. പ്രശാന്ത് ചൂണ്ടിക്കാട്ടി.
ഒമ്പത് മണിക്ക് മുന്നെയും, അഞ്ച് മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലുമൊക്കെ കുറച്ച് സർക്കാറുദ്യോഗസ്ഥർ ജോലി ചെയ്യുന്നത് നിയമം അനുശാസിക്കുന്നത് കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത് പല ഉദ്യോഗസ്ഥരും രാത്രി ഏറെ വൈകിയാണ് ഓഫീസ് വിട്ട് പോകുന്നത്. ആ കുറച്ച് പേർക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്.
അങ്ങനെ ചട്ടങ്ങൾക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവർ ഒരോളത്തിൽ enjoy ചെയ്ത് പണിയെടുക്കട്ടെ. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം.
എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലി സമയത്തും, ജോലിയുടെ പേരിലും, ജോലി സ്ഥലത്തും അല്ലാതെയും ചെയ്ത് കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ് ഇവരുടെ കലാസൃഷ്ടി. അസൂയ, കുശുമ്പ്, പുച്ഛം - മലയാളിഗുണത്രയം.
ഞായറാഴ്ച തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ പത്തനംതിട്ടയിലെ തിരുവല്ല നഗരസഭ ഓഫിസിലെ ജീവനക്കാരാണ് ജോലിക്കിടെ റീൽസ് എടുത്തത്. ഇത് സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. ഇതോടെ പല കോണിൽ നിന്നും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളും ഉയർന്നു.
സംഭവം വിവാദമായതോടെ നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചടനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.