തിരുവനന്തപുരം: ഏലം കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്തും. ഏലം കൃഷി നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വായ്പ തിരിച്ചടവിന്‍റെ ഇളവേള വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും. പലിശയുടെ കാര്യത്തില്‍ ഇളവ് വരുത്താനുള്ള ശ്രമവും നടത്തും.
നടീല്‍ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡിനോട് സഹായം ആവശ്യപ്പെടും. ജലലഭ്യത ഉറപ്പാക്കാന്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ കൂടി ഉപയോഗിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കും. അഞ്ച് ഏക്കറില്‍ അധികമുള്ള തോട്ടങ്ങളില്‍ ജലസംഭരണി നിര്‍മ്മിക്കണം. ഒറ്റവിള, ഏകവിള, മറ്റ് വൈവിധ്യ വിളകള്‍ ഉണ്ടാക്കാന്‍ സ്പൈസസ് ബോര്‍ഡിന്‍റെ സഹായം തേടും.
വിള ഇന്‍ഷൂറന്‍സ് കാര്യത്തില്‍ പ്രായോഗിക മാതൃക സ്വീകരിക്കാന്‍ സ്പൈസസ് ബോര്‍ഡുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തും. ഏലത്തിന് തണല്‍ കിട്ടുന്ന മരങ്ങളുടെ എണ്ണവും സാന്ദ്രതയും വര്‍ധിപ്പിക്കണം. ആറ് മീറ്ററില്‍ ഒരു മരമെന്ന രീതിയിലെങ്കിലും ഉണ്ടാകണം. ഇക്കാര്യങ്ങള്‍ കൃഷിക്കാരെ കൃഷിവകുപ്പ് ബോധവല്‍ക്കരിക്കണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാനുള്ള ശ്രമം കൃഷി വകുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു..
യോഗത്തില്‍ മന്ത്രിമാരായ പി. പ്രസാദ്, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, മെമ്പര്‍ ആര്‍.രാംകുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഹനീഷ്, ബി. അശോക്, ദുരന്തനിവാരണ അതോറിറ്റി മെമ്പേർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.