ഒഡീഷ സ്വദേശി ട്രെയിനിൽ നിന്ന്​ തള്ളിയിട്ട്​​ കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന മാതാവ് ലളിത

കണ്ണീരോടെ നാട് വിടചൊല്ലി; ടി.ടി.ഇ വിനോദിന്‍റെ മൃതദേഹം സംസ്കരിച്ചു

കളമശ്ശേരി: ടിക്കറ്റ് ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദിന്‍റെ മൃതദേഹം സംസ്കരിച്ചു. പൊതുദർശനത്തിന് ശേഷം 6.30ഓടെ വീട്ടിൽനിന്ന്​ മൃതദേഹം പാതാളം പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. സഹോദരീപുത്രൻ സന്ദീപ് ചിതക്ക് തീകൊളുത്തി.

നാടിന്‍റെ പല ഭാഗത്തുനിന്നായി നിരവധിപേർ വിനോദിന്​ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മാതാവ് ലളിതയെയും സഹോദരി സന്ധ്യയെയും മൃതദേഹം ആദ്യം കാണിച്ചു. തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ മനീഷ് തപ്ലിയാൽ ഉൾപ്പെടെ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായമന്ത്രി പി. രാജീവ്, എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ തുടങ്ങിയവരും എത്തിയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ വിനോദ് മഞ്ഞുമ്മൽ മൈത്രി ലെയിനിൽ നിർമിച്ച പുതിയ വീട്ടിൽ ഗൃഹപ്രവേശനച്ചടങ്ങ് ജനുവരിയിലും താമസം തുടങ്ങിയത് ഫെബ്രുവരി നാലിനുമായിരുന്നു. ആഘോഷപൂർവം നടത്തിയ ഗൃഹപ്രവേശത്തിന്​ സഹപ്രവർത്തകരെല്ലാം എത്തിയിരുന്നു.

പ്രദേശത്തെ എല്ലാവരുമായും ഇടപഴകിയിരുന്ന വിനോദിന്റെ ദുര്യോഗം കുടുംബത്തിന് മാത്രമല്ല നാട്ടുകാർക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കൾക്കും താങ്ങാവുന്നതിനപ്പുറമായിരുന്നു. റെയിൽവേയിലെ പല സഹപ്രവർത്തകരും സുഹൃത്തുക്കളും മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി. സർവിസിലിരിക്കെ മരിച്ച അച്ഛന്റെ ജോലിയാണ് വിനോ​ദിന് ലഭിച്ചത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന്​ ടിക്കറ്റ് ചെക്കിങ്​ വിഭാഗത്തിലേക്ക് മാറുകയായിരുന്നു. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന വിനോദ് മാതാവിനൊപ്പമായിരുന്നു താമസം.

Tags:    
News Summary - TTE Vinod funeral manjummal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.