ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 'ഇരട്ട എൻജിൻ' സർക്കാറുകൾ -പ്രധാനമന്ത്രി

കൊച്ചി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 'ഇരട്ട എൻജിൻ' സർക്കാറുകളാണെന്നും അവിടങ്ങളിൽ വികസനം വേഗത്തിൽ നടപ്പാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. ''ഓണത്തിന്റെ അവസരത്തിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവർക്കും ഓണാശംസകൾ നേരുന്നു. കേരളം മനോഹരമായ നാടാണ്. സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരമായ പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമാണ്. ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കി. ദരിദ്രരുടെയും ദലിതരുടെയും ആദിവാസികളുടെയും പീഡിതരുടെയുമെല്ലാം ഉന്നമനമാണ് ലക്ഷ്യം. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം കേരളത്തിൽ രണ്ടു ലക്ഷത്തിലധികം വീടുകൾക്ക് അനുമതി നൽകി. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി. ബി.ജെ.പി സർക്കാറുകൾ ഉള്ള സംസ്ഥാനങ്ങളിൽ വികസനം വേഗത്തിൽ നടപ്പാകും. അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എൻജിൻ സർക്കാരാണ് പ്രവർത്തിക്കുന്നത്'' – മോദി പറഞ്ഞു.

ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാന വാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന പ്രധാനമന്ത്രി, കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും. വ്യാഴാഴ്ച വൈകീട്ട് ആറിന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.

കൊച്ചി മെട്രോയുടെ എസ്.എൻ ജങ്ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം, കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാസ്ഥാപനം, റെയിൽവേയുടെ കുറുപ്പന്തറ–കോട്ടയം–ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം–പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയാണ് പ്രധാനമന്ത്രി നിർവഹിക്കുക. തുടർന്ന് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. വെല്ലിങ്ടൻ ദ്വീപിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി രാത്രി ഒമ്പതിന് ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ 9.30ന് കൊച്ചി കപ്പൽശാലയിൽ ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനി കപ്പൽ പ്രധാനമന്ത്രി കമീഷൻ ചെയ്യും. ഉച്ചയോടെ മംഗളൂരുവിലേക്ക് തിരിക്കും.

Tags:    
News Summary - 'Twin engine' governments in BJP-ruled states - Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.