മയക്കുമരുന്നിനെതിരെ രണ്ടു കോടി ഗോള്‍; ലഹരി മുക്ത കേരളം കാമ്പയിന്‍ 14 മുതല്‍

തിരുവനന്തപുരം: ലഹരിമുക്ത കേരളം രണ്ടാംഘട്ട കാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്‌ബാള്‍ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ രണ്ടു കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും സ്വകാര്യ കമ്പനികളിലും പൊതുയിടങ്ങളിലും അടക്കം പരിപാടി സംഘടിപ്പിക്കും.

'നോ ടു ഡ്രഗ്‌സ്' എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ സമയവും പോസ്റ്റ് തയാറാക്കി നിര്‍ത്തി, ആര്‍ക്കും എപ്പോഴും വന്ന് ഗോള്‍ അടിക്കാനുമാകുന്ന രീതിയിലാണ് ക്രമീകരണം. സെലിബ്രിറ്റി ഫുട്‌ബാള്‍ മത്സരവും നടത്തും.

ലഹരിമോചന കേന്ദ്രങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് സാമൂഹികനീതി വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു. സ്‌കൂളുകളില്‍ വിപുലമായ കൗണ്‍സലിങ് സംഘടിപ്പിക്കണം. ലഹരി ഉൽപന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന ബോര്‍ഡ് കടകളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേര്‍ന്ന് പ്രവര്‍ത്തന അവലോകനം നടത്താനും നിർദേശിച്ചു. അഞ്ചു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയാറാക്കിയ 'തെളിവാനം വരക്കുന്നവര്‍' പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയാറാക്കും.

അന്ന് എല്ലാ ക്ലാസിലും വിദ്യാർഥികളുടെ സഭകള്‍ ചേരണം. ഏതെങ്കിലും ഒരു പീരിയഡ് ഇതിനായി ഉപയോഗിക്കാം. ഗാന്ധിജയന്തി ദിനം മുതല്‍ കേരളപ്പിറവി ദിനം വരെ നടപ്പാക്കിയ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കാമ്പയിന്റെ ഉള്ളടക്കം, വിദ്യാർഥികളുടെ അനുഭവങ്ങള്‍ തുടങ്ങിയവ ക്ലാസ് സഭകളില്‍ ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Tags:    
News Summary - Two crore goals against drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.