കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തു. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂനിറ്റ് ഇന്‍സ്പെക്ടർമാരായ അനീഷ് മുഹമ്മദ്, നിഥിൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരെയും കൊച്ചിയിലെ ഡി.ആർ.ഐ ഓഫിസിൽ വിശദമായി ചോദ്യം ചെയ്തശേഷം വ്യാഴാഴ്ച ഉച്ചക്ക് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരുടെ ഒത്താശയോടെ വിവിധ സമയങ്ങളിലായി 80 കിലോയോളം സ്വർണം കടത്തിയതായാണ് കണ്ടെത്തൽ.
അബൂദബിയിൽനിന്ന് ഈ മാസം നാലിന് തിരുവനന്തപുരം വിമാനത്താവളം വഴി 4.8 കിലോ സ്വർണം എത്തിയിരുന്നു. കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ട ഇവർ തുടർന്നുള്ള ഡി.ആർ.ഐയുടെ പരിശോധനയിൽ പിടിയിലായി. ഈ സ്വർണം കടത്തിയ സംഘത്തിലെ ചിലർ തൊട്ടടുത്ത ദിവസം അബൂദബിയിൽനിന്ന് തിരുവനന്തപുരത്തെത്തുകയും കസ്റ്റംസ് ഓഫിസിലെത്തി പ്രതിഷേധിക്കുകയും ചെയ്തു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഉറപ്പിൽ കടത്തിയ സ്വർണം അവർതന്നെ പിടികൂടി തങ്ങളെ വഞ്ചിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് ഇവർ പ്രശ്നമുണ്ടാക്കിയത്. പിടിയിലായവരിൽനിന്നാണ് ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ച സൂചന ലഭിച്ചത്. സ്വർണം കടത്താൻ മുമ്പും ഉദ്യോഗസ്ഥർ സഹായിച്ചിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. അനീഷും നിഥിനും സ്വർണക്കടത്തുകാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പുറത്തുവന്നു. ഇതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സ്വർണം കടത്തുന്നതെന്നും കണ്ണൂരിൽനിന്നുള്ള സംഘം 80 കിലോയോളം ഇങ്ങനെ കടത്തിയതായും ഡി.ആർ.ഐ സ്ഥിരീകരിച്ചത്. ഒരു കിലോ സ്വർണത്തിന് ഒരു ലക്ഷം രൂപ എന്ന തോതിലായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കമീഷൻ. അറസ്റ്റിലായ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.